Trending

ചെളിയിൽ കുളിച്ചൊരു റോഡ്



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : ചെളിക്കുളമായ മണ്ണൂപൊയിൽ - പുതുശ്ശേരി താഴെ - വട്ടച്ചിറ റോഡിലൂടെ നാട്ടുകാരുടെ ദുരിതയാത്ര. പഞ്ചായത്ത് പത്താം വാർഡിൽ വനിതാ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന് സമീപമാണ് കാൽനട യാത്ര പോലും സാധ്യമാകാത്ത രീതിയിൽ റോഡ് ചെളിക്കുളമായി മാറിയത്. തുടർച്ചയായി പെയ്യുന്ന മഴയിൽ ചെളി നിറഞ്ഞ പാതയിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ്. നിരവധി കുടുംബങ്ങളും, വിദ്യാർഥികളുമടക്കമുള്ളവർ ദിവസേന കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. ഇരുചക്ര വാഹനയാത്രക്കാർ ചെളിയിൽ തെന്നി അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്.

2024 മാർച്ച് മാസത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമ്മാണത്തിലേക്ക് കടന്നപ്പോഴാണ് ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തി നടന്നത്. ഇത് യാത്ര കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതോടെ ജൽജീവൻ അധികൃതർ കുറച്ച് ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് ഇട്ടിരുന്നുവെങ്കിലും യാത്ര ദുരിതത്തിന് പരിഹാരമായിട്ടില്ല.

പ്രവൃത്തി ഉടൻ തുടങ്ങും

റോഡ് നവീകരണത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഫണ്ടനുവദിച്ചതാണ്‌. ജൽജീവൻ പദ്ധതിയും, ചില സാങ്കേതിക കാരണങ്ങൾ കാരണവുമാണ് പ്രവൃത്തി നീണ്ടു പോയത്. എത്രയും വേഗത്തിൽ തന്നെ പണി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

റസീന യൂസഫ് 
( വൈസ് പ്രസിഡന്റ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്)

Post a Comment

Previous Post Next Post