✍🏿. *നിസാം കക്കയം*
കക്കയം : വടക്കന്‍ പാട്ടുകള്‍ക്ക് കീര്‍ത്തി കേട്ട മലബാറിന്റെ മാറിടത്തില്‍ തല ചായ്ച്ചുറങ്ങുന്ന വശ്യമനോഹര ഹരിത ഭൂമിയായ കക്കയത്തെ കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ഒരിക്കല്‍ പോയവര്‍ പിന്നെയും പിന്നെയും പോകാന്‍ ആഗ്രഹിക്കുന്ന കക്കയത്തിലേയ്ക്ക് മഴക്കാലത്താണ് യാത്രയെങ്കില്‍ അതൊരു അവിസ്മരണീയ യാത്ര തന്നെയായിരിക്കും.
ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്ന് വിളിയ്ക്കുന്നതും അവിടം നല്‍കുന്ന കുളിര്‍മയേകുന്ന കാഴ്ചകള്‍ കൊണ്ടു തന്നെയാണ്.
കോരിച്ചൊരിയുന്ന മഴയിൽ പച്ചപ്പും കോടമഞ്ഞും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം മുഴുവൻ ആവാഹിച്ച് വിരുന്നൊരുക്കുന്ന ഒരിടമാണ് കക്കയം. മഴയാത്രകൾ പ്ലാൻ ചെയ്യുന്ന മലബാറുകാര്‍ക്ക് ഇതിലും മികച്ച മറ്റൊരു സ്ഥലമില്ല.
.
ഇവിടത്തെ
കാഴ്ചകളോളം തന്നെ ആനന്ദം നൽകുന്നതാണ് ഇവിടേക്കുള്ള യാത്രയും.മഴയിൽ നനഞ്ഞു കിടക്കുന്ന, പച്ചപ്പു നിറഞ്ഞ് വളഞ്ഞു പുളഞ്ഞുള്ള ചുരം പാതയിലൂടെയുള്ള യാത്ര തികച്ചും വേറിട്ട അനുഭവമാണ്. യാത്രയിലെ മരത്തണലും, കോടമഞ്ഞും, മഴയുമൊക്കെ സഞ്ചാരികളുടെ മനം കവരും.
പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകൾക്കു പുറമേ കക്കയം ഡാമിൽ സ്പീഡ് ബോട്ട് സർവീസും ഒരുക്കിയിട്ടുണ്ട്. ഒരു കൂട്ടം ചെറിയ വെള്ളച്ചാട്ടങ്ങളും, ഇടതൂർന്ന വനങ്ങളും ഉൾപ്പടെ ഡാം സൈറ്റിന്റെ മനോഹര കാഴ്ചകളാണ് ബോട്ടിങ് സവാരി സഞ്ചാരികൾക്ക് സമ്മാനിക്കുക. ഭാഗ്യമുണ്ടെങ്കിൽ ഡാമിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെയും കാണാനും കഴിയും.
ഡാം സൈറ്റിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരം നടന്നാൽ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. ആർത്തലച്ചു കുത്തിയൊഴുകുന്ന ഒരു വെള്ളച്ചാട്ടം. അകലെ നിൽക്കുമ്പോൾ തന്നെ കേൾക്കാം അതിന്റെ ഹുങ്കാര സ്വരം. കാട് കയറി അതിന്റെ അടുത്തെത്തിയാൽ ഇത്രയും മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ എന്ന് പോലും തോന്നി പോകും. കേരളത്തിലെ ഏറ്റവും അപകടം നിറഞ്ഞ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം. നിറയെ പാറക്കൂട്ടങ്ങളുള്ള വെള്ളച്ചാട്ടം തിരച്ചിൽ പോലും ഇല്ലാത്ത ഒരിടമാണ്. ഇവിടെ വീണാൽ പിന്നെയൊരു മടങ്ങിവരവ് ഇല്ലെന്നു ചുരുക്കം.
കാലാകാലങ്ങളായി വെള്ളം കുത്തിയൊലിച്ച് വീണ് പാറക്കെട്ടിൽ നിറയെ കുഴികളാണ്. ഉരലുപോലെ ഇങ്ങനെ കുഴികളുള്ളതിനാലാണ് ഉരക്കുഴി വെള്ളച്ചാട്ടമെന്ന് ഇതറിയപ്പെടുന്നത്.
രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ഡാം സൈറ്റിലേക്കുള്ള പ്രവേശന സമയം. കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്ക് 50 രൂപയുമാണ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക്. ഹൈഡൽ ടൂറിസം കേന്ദ്രത്തിന്റെ കൗണ്ടറിൽ നിന്ന് 20 രൂപയുടെ ടിക്കറ്റ് കൂടി എടുക്കേണ്ടതുണ്ട്.
ശ്രദ്ധിക്കാൻ :
ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് വരുന്നവർക്ക് കക്കയത്തിന് പുറമേ സന്ദർശിക്കാൻ പറ്റിയ ഒട്ടേറെ സ്ഥലങ്ങളും സമീപത്തായുണ്ട്. സമയമുണ്ടെങ്കിൽ അന്ന് തന്നെ കരിയാത്തുംപാറ, തോണിക്കടവ്, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം, മൂത്തശ്ശിപ്പാറ, ജാനകിക്കാട് എന്നിവിടങ്ങളിലൊക്കെ സന്ദർശിച്ച് മടങ്ങാം.
കോഴിക്കോട് നിന്ന് വരുന്നവർക്ക് രണ്ട് വഴികളുണ്ട് കക്കയമെത്താൻ. ബാലുശ്ശേരിയെത്തി കൂരാച്ചുണ്ട് വഴി ഇവിടെയെത്താം. താമരശേരി വഴി വരുന്നവർക്ക് പൂനൂർ - എസ്റ്റേറ്റ്മുക്ക് വഴിയും കക്കയമെത്താം.