കക്കയം : വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തേക്ക് ആവശ്യമായ ബസ് സർവീസ് ഇല്ലാതായതോടെ ജനങ്ങൾ ദുരിതത്തിൽ. കോവിഡിനു മുൻപുവരെ നല്ലരീതിയിൽ ഓടിക്കൊണ്ടിരുന്ന ബസ് സർവീസ് കോവിഡ് സമയത്ത് യാത്രക്കാർ കുറവായതിനെത്തുടർന്ന് നിർത്തിയിരുന്നു. ഏഴ് ബസുകൾ സർവീസ് നടത്തിയിരുന്ന കക്കയം-തലയാട്-കോഴിക്കോട് റൂട്ടിൽ രണ്ട് ബസുകളാണ് പിന്നീട് സർവീസ് നടത്തിയിരുന്നത്.
എന്നാൽ, കോവിഡിന് ശേഷവും പെർമിറ്റുള്ള മിക്കബസുകളും തലയാട് വെച്ച് സർവീസ് നിർത്തുന്ന സാഹചര്യമുണ്ടായതോടെ വാർഡംഗത്തിന്റെ നേതൃത്വത്തിൽ ജനകീയകമ്മിറ്റി വിളിച്ചുചേർത്തിരുന്നു. തുടർന്ന് ഒരുസമയത്തെ ട്രിപ്പ് ഒഴികെ മറ്റുസമയങ്ങളിൽ സർവീസ് പതിവുപോലെ നടന്നിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും പഴയസ്ഥിതി ആയിരിക്കുകയാണ്.
കക്കയം-കോഴിക്കോട് റൂട്ടിൽ പെർമിറ്റുള്ള ബസുകൾ കക്കയത്തേക്കുള്ള ട്രിപ്പ് മുടക്കി തലയാടുവരെ വന്ന് തിരിച്ചുപോകും. ട്രിപ്പുകൾ മുടക്കുന്ന ബസുകൾക്കെതിരേ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ, നാട്ടുകാർ ഉൾപ്പെടെ ദുരിതമനുഭവിക്കുകയാണ്. മലയോരമേഖലയിൽ യാത്രാപ്രശ്നം രൂക്ഷമായതിനാൽ ഇപ്പോൾ വലിയതുകനൽകി വാഹനങ്ങൾ വിളിച്ച് പോകേണ്ട സ്ഥിതിയാണ്. ബസ് സർവീസ് മുടങ്ങുന്നതിനാൽ കരിയാത്തുംപാറ, 28-ാം മൈൽ, കല്ലാനോട്, 27-ാം മൈൽ മേഖലയിലെ ജനങ്ങൾ കടുത്ത
യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
മലയോര ഹൈവേ: നിർമാണം പുരോഗമിക്കുന്നു
തലയാട് പടിക്കൽവയൽ മുതൽ 28-ാം മൈൽ വരെയുള്ള ഏഴുകിലോമീറ്റർ ദൂരത്തിലുള്ള ഭാഗത്തെ മലയോരഹൈവേയുടെ പണി മന്ദഗതിയിലാണ്. റോഡ് നികത്തി ലെവൽചെയ്യുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലായി പലഭാഗങ്ങളിലും മണ്ണ് കൂട്ടിയിട്ടനിലയിലാണ്. മഴക്കാലമായതോടെ മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം നിലവിലുള്ള താത്കാലിക റോഡിനും കാൽനടയാത്രക്കാർക്കുമടക്കം ഗതാഗതതടസ്സത്തിനും ഇടയാക്കുന്ന സാഹചര്യമാണ്. കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട, മുള്ളൻപാറ എന്നീ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് നിത്യേന ഒട്ടേറെ വാഹനങ്ങൾ പോകുന്ന റോഡാണിത്. മഴ കൂടുന്നതിനുമുൻപ് ഈ ഭാഗത്ത് റോഡ് പണിപൂർത്തീകരിച്ച് ഗതാഗത തടസ്സമൊഴിവാക്കുമെന്ന് നേരത്തേ വകുപ്പുമന്ത്രിയടക്കമുള്ളവർ ഉറപ്പുനൽകിയിരുന്നു.
യാത്രക്കൂലികൊടുത്ത് മടുത്ത് വിദ്യാർഥികൾ
വിവിധ കോളേജുകളിലും സ്കൂളുകളിലുമായി ഇരുപതിലേറെപ്പേർ കക്കയം, കരിയാത്തുംപാറ മേഖലകളിൽനിന്നായി പഠനത്തിനായി നിത്യേന പോയിവരുന്നുണ്ട്.
ബസുകൾ യഥാസമയം ഇല്ലാത്തതിനാൽ സമയത്ത് സ്കൂളിലെത്താനും തിരിച്ചു വീട്ടിലെത്താനും ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.
സാമ്പത്തികപ്രയാസം അനുഭവിക്കുന്നതിനാൽ മിക്കവർക്കും എല്ലാദിവസവും ക്ലാസിൽ പോകാൻപറ്റാത്ത സാഹചര്യമാണ്.