Trending

വെള്ളരിപ്രാവിന്റെ ചങ്ങായിമാർ



✍🏿 *നിസാം കക്കയം*

കക്കയം : ദൂരെയിടങ്ങളിൽ നിന്ന് നിരവധി പ്രാവുകൾ എന്നും പുലർച്ചെ കക്കയം അങ്ങാടിയിലെത്തുന്നത് തങ്ങളെ വിരുന്നൂട്ടാൻ ആരെങ്കിലുമുണ്ടാകുമെന്ന വിശ്വാസത്തിലാണ്. കഴിഞ്ഞു അഞ്ച് വർഷങ്ങളായി ആ പ്രതീക്ഷക്ക് തടസവും വരാറില്ല. രാവിലെ ഏഴ് മണിയോടെ കക്കയം അങ്ങാടിക്ക് സമീപത്തെത്തിയാൽ മരച്ചില്ലകളിലും വൈദ്യുതി ലൈനുകളിലും സമീപത്തെ മുസ്ലിം പള്ളിയുടെ മിനാരത്തിലും നൂറു കണക്കിനു പ്രാവുകളെ കാണാം. കക്കയം അങ്ങാടിയിൽ പ്രവർത്തിക്കുന്ന റേഷൻ കട തുറക്കാൻ എത്തുന്ന മമ്മദ്ക്കാനെ തേടിയാണ് അങ്ങാടിയിൽ തമ്പടിച്ചിരിക്കുന്ന പ്രാവിൻ കൂട്ടം എത്തുന്നത്. 

2019 മുതലാണ് കക്കയം അങ്ങാടിയിൽ ഒരു വ്യാപാരി പ്രാവുക്കൾക്ക് തീറ്റ കൊടുക്കാൻ തുടങ്ങിയത്. കോവിഡ് കാലത്ത് അത് മുടങ്ങിയതോടെ കരിങ്കല്ല് പണിക്കാരനായ വാലുകാട്ടിൽ ജോസ് പ്രാവുകൾക്ക് തീറ്റ കൊടുക്കാൻ തുടങ്ങി. ദിവസം നാല് കിലോ ഗോതമ്പ് വരെ ജോസ് പ്രാവുകൾക്ക് നൽകിയിരുന്നു. അങ്ങാടിയിലെ കെട്ടിടത്തിന് മുകളിലാണ് ജോസ് പ്രാവുകൾക്ക് തീറ്റ നൽകി കൊണ്ടിരുന്നത്.

ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പ് ജോസ് ജോലിയാവശ്യാർഥം കക്കയത്ത് നിന്ന് പോയതോടെ ഭക്ഷണം പ്രതീക്ഷിച്ചെത്തുന്ന പ്രാവുകളുടെ അലച്ചിൽ കണ്ടതോടെയാണ് റേഷൻ കട നടത്തുന്ന സലാം ചീനിക്കൽ ദൗത്യം ജോലിക്കാരനായ പിച്ചൻവീട്ടിൽ മമ്മദിനെ ഏൽപ്പിക്കുന്നത്. അന്നു മുതൽ മുടങ്ങാതെ എല്ലാ ദിവസവും കട തുറക്കലും പ്രാവുകൾക്ക് ധാന്യങ്ങൾ നൽകുന്ന ചുമതല മമ്മദ്ക്ക ഭംഗിയായി നിർവഹിച്ചു പോരുന്നുണ്ട്. ഞായറാഴ്ചയുൾപ്പടെയുള്ള അവധി ദിവസങ്ങളിലും പ്രാവുകൾക്കുള്ള തീറ്റ ഇവർ മുടക്കാറില്ല. റേഷൻ കടയിൽ നിന്ന് അരിയും ഗോതമ്പും വാങ്ങുന്നവർ അവരുടെ വിഹിതത്തിൽ നിന്ന് നൽകുന്ന പങ്ക് ഉപയോഗിച്ചാണ് പ്രവുകൾക്കുള്ള തീറ്റ നൽകുന്നത്.

Post a Comment

Previous Post Next Post