Trending

പത്രത്തിലെ മരണവാര്‍ത്തകള്‍ നോക്കി മോഷണം എവിടെയെന്ന് തീരുമാനിക്കും; ബന്ധുവിനെ പോലെ കയറിക്കൂടി സ്വർണവും പണവും മോഷണം പതിവ്; റിൻസിയുടെ മോഷണകഥകൾ ഇങ്ങനെ





കൊച്ചി : ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള മോഷണകഥയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മരണവീട്ടില്‍ ബന്ധുവെന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും കവർന്ന കേസിൽ കൊല്ലം ഡോണ്‍ബോസ്‌കോ സ്വദേശിനിയായ റിന്‍സി ഡേവിഡിനെ (29) അറസ്റ്റ് ചെയ്തിരുന്നു.


പത്രത്തില്‍ മരണ വാര്‍ത്തകള്‍ നോക്കിയാണ് റിന്‍സി മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തുന്നത് എന്നാണ് പോലീസ് പറയുന്നത്. കൂടുതലും അസ്വാഭാവിക മരണം നടന്ന വീടുകളാകും തിരഞ്ഞെടുക്കുക. തികച്ചും അപ്രതീക്ഷിതമായാണ് റിന്‍സി പിടിയിലായത്.
അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും മാനസികാവസ്ഥ തന്നെയാണ് റിന്‍സിയുടെ മോഷണം എളുപ്പമാക്കുന്നത്.



മാസ്‌ക് ധരിച്ച് ആരുടേയും ശ്രദ്ധയില്‍പെടാതെ മരണ വീടിന് അകത്തും സമീപത്തുമായി നിലയുറപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്.
മൃതദേഹം എത്തിക്കുന്ന സമയത്തോ സംസ്‌കാരത്തിനായി കൊണ്ടുപോകുന്ന സമയത്തോ ആകും മോഷണം. ഈ സമയം എല്ലാവരുടേയും ശ്രദ്ധ ചടങ്ങുകളിലേക്ക് മാറുമ്പോഴാണ് മോഷണം നടത്തുന്നത്. പിന്നാലെ അവിടെ നിന്നും വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്യും.


മരണത്തിന്റെ വിഷമത്തില്‍ മോഷണ വിവരം വീട്ടുകാര്‍ ദിവസങ്ങള്‍ കഴിഞ്ഞാകും അറിയുക. ബന്ധുക്കളെ അടക്കം സംശയിക്കേണ്ട അവസ്ഥയുള്ളതിനാല്‍ പരാതി നല്‍കാതെ ഒഴിവാക്കുകയാണ് പലരും ചെയ്യാറ്. എളമക്കരയിലെ വീട്ടുകാരും ആദ്യം പരാതി നല്‍കിയിരുന്നില്ല. പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് പോലീസിനെ സമീപിച്ചത്. പെരുമ്പാവൂരിലെ ഒരു മരണ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയുടെ മുതലുകൾ മോഷ്‌ടിച്ചതിന് റിൻസി പിടിയിലായിരുന്നു. ഇതിന്റെ വാർത്ത കണ്ടാണ് എളമക്കരയിലെ വീട്ടുകാരും പ്രതിയെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലടക്കം യുവതിയുടെ സാമിപ്യം വ്യക്തമാണ്. ഇതോടെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചതും അറ്സറ്റ് നടന്നതും.


കൂടുതൽ മരണ വീടുകളിൽ റിൻസി മോഷണം നടത്തിയിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ ഫോണിൽ നിന്നും ലഭിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവുകളാണെന്ന് എളമക്കര എസ്എച്ച്ഒ കെബി ഹരികൃഷ്‌ണൻ പറഞ്ഞു. കൊച്ചി അടക്കമുളള നഗരങ്ങളിൽ മാത്രമാണ് റിൻസി മോഷണം നടത്തിയത്. ഇതിന് പ്രതി നൽകിയ വിശദീകരണം നഗരങ്ങളിൽ താമസിക്കുന്നവർ പരസ്പ‌രം അറിയാനുള്ള സാധ്യത കുറവായതിനാൽ ആരാണ് എന്ന ചോദ്യം ഉണ്ടാകില്ല എന്നാണ്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും മരണ വാർത്തകളുടെ നിരവധി ചിത്രങ്ങളാണ് കണ്ടെത്തിയതെന്നും എസ്എച്ച്ഒ പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ കണ്ട വാർത്തകളിൽ പറഞ്ഞിരിക്കുന്ന പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതായും അദ്ദേഹം അറിയിച്ചു.



റിൻസി നിലവിൽ റിമാൻഡിലാണ്. കൂടുതൽ മോഷണ പരാതികൾ വരും എന്ന് ഉറപ്പിച്ചാണ് പോലീസ് എല്ലാ വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്. മോഷണത്തിനും മോഷണ മുതൽ വിൽപ്പന നടത്തിയതിനും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 


എളമക്കര പുതുക്കലവട്ടത്തെ വീട്ടിൽ നിന്നും മെയ് 14 നാണ് റിൻസി 14 പവൻ സ്വർണ്ണം മോഷ്ടിച്ചത്. ചോദ്യം ചെയ്യലിൽ ഇക്കാര്യം പ്രതി സമ്മതിക്കുകയും സ്വർണ്ണം വിറ്റ കൊല്ലത്തെ ജ്വല്ലറി കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഇവിടെ നിന്നും സ്വർണ്ണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊല്ലത്തു നിന്നും കൊച്ചിയിലെത്തി ഒറ്റയ്ക്ക് മോഷണം പ്രതി നടത്തില്ലെന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

Post a Comment

Previous Post Next Post