"കർഷകർ തീരാ ദുരിതത്തിൽ"
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :വനാതിർത്തിയിലെ കാടുവെട്ടിത്തെളിക്കാത്ത ഏക്കർ കണക്കിന് സ്വകാര്യ ഭൂമികളിൽ വന്യമൃഗങ്ങൾ പെരുകുന്നതായി പരാതി. കാടിറങ്ങുന്ന മൃഗങ്ങൾക്ക് അഭയ കേന്ദ്രമാവുകയാണ് ഇത്തരത്തിലുള്ള ഭൂമി. മലയോര മേഖലയിലെ വനാതിർത്തിയോടു ചേർന്നുള്ള സ്വകാര്യ ഭൂമി കാടുവെട്ടിത്തെളിക്കാത്തതിനാൽ വന്യമൃഗങ്ങൾ തമ്പടിക്കുന്ന സ്ഥിതിയുണ്ട്. വർഷങ്ങൾക്കുമുൻപ് ചെറിയ വിലയ്ക്ക് ഏക്കർ കണക്കിന് ഭൂമി മലയോര മേഖലയിൽ ലഭിക്കുമായിരുന്നു. ആ സമയത്ത് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളാണിതെല്ലാം. എല്ലാ രേഖകളുമുള്ള ഈ സ്ഥലങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ നികുതിയും അടയ്ക്കുന്നുണ്ട്.
എന്നാൽ, കുറച്ചുവർഷങ്ങളായി ഉടമകൾ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂരിഭാഗം പേരും കുടുംബസമേതം വിദേശത്താണ്. ചിലർ ജില്ലയിലെ നഗരങ്ങളിലും മറ്റു ചിലർ ജില്ലയ്ക്ക് പുറത്തുമാണ് താമസം. അതുകൊണ്ടുതന്നെ വർഷങ്ങൾക്ക് മുൻപ് വാങ്ങിക്കൂട്ടിയ ഈ സ്ഥലങ്ങളിലേക്ക് ആരും വരാറില്ല. ചില സ്ഥലങ്ങളിൽ 20 മീറ്ററിലേറെ ഉയരത്തിൽ കാടുകയറിയിട്ടുണ്ട്. ഇതിനകത്തെല്ലാം വന്യമൃഗങ്ങൾ വിഹരിക്കുകയാണ്
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം മേഖലയിൽ നിരവധി ഏക്കർ ഭൂമി വർഷങ്ങളായി കാട് വെട്ടാത്തതിനെ തുടർന്ന് ചെറുവനമായി മാറിയിരിക്കുന്ന സാഹചര്യമാണ്. ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്ന തദ്ദേശീയരല്ലാത്ത ഉടമസ്ഥർ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാറില്ല. ചിലർ തങ്ങളുടെ സ്ഥലം നോക്കാനായി ആളുകളെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ഭൂമിയിലെ ആദായം പാട്ടത്തിന് കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഉടമസ്ഥർ വരുന്നത് അപൂർവമായി മാത്രമാണ്.
കാട് വെട്ടി മാറ്റാൻ ഭൂവുടമസ്ഥർക്ക് പഞ്ചായത്ത് അടിയന്തിരമായി നോട്ടീസ് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാടിനുള്ളിൽ നിന്നും വന്യമൃഗങ്ങൾ പെട്ടെന്ന് ഇറങ്ങി വന്ന് കർഷകരെ ആക്രമിക്കാനും സാധ്യത കൂടുതലാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാം പാലാട്ടിയിലിന്റെ കൃഷിയിടത്തിന് സമീപത്തെ ഭൂമിയിലും കാട് ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായിരുന്നത്.
കർഷകർക്ക് യാതൊരു സുരക്ഷിതത്വവുമില്ല
കാട്ടുപോത്തും, പന്നിയും കുരങ്ങു മടക്കമുള്ള കാട്ടുമൃഗങ്ങൾ കൈയടക്കുന്ന കൃഷിയിടങ്ങളിൽ കർഷകർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത സാഹചര്യമാണ്. ഏക്കർ കണക്കിന് സ്വകാര്യ കൃഷിയിടങ്ങളാണ് കാലങ്ങളായി കാടുകയറി കിടക്കുന്നത്. കർഷകൻ പാലാട്ടിയിൽ അബ്രാഹത്തിൻ്റെ മരണത്തെ തുടർന്ന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായ ഫെൻസിങ് ഇന്നും നടപ്പാക്കിയിട്ടില്ലയെന്നതും പ്രതിഷേധാർഹമാണ്.
ജോൺസൺ കക്കയം
(കർഷകൻ)
ഫോട്ടോ :കൂരാച്ചുണ്ട് പഞ്ചായത്തിലെ വന്യമൃഗ ഭീഷണി ഉയർത്തുന്ന സ്വകാര്യ ഭൂമിയിലെ കാട്