✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :ഒരു മൊബൈൽ സർവ്വീസിനും മതിയായ സിഗ്നൽ ലഭിക്കില്ലെന്നതാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഞ്ഞിൽ നിവാസികളുടെ സ്ഥിതി. അത്യാവശ്യ ഘട്ടങ്ങളിൽ സിഗ്നൽ ഉള്ള സ്ഥലങ്ങൾ തേടി അലയേണ്ട സാഹചര്യമാണ് ഇവിടെയുള്ളവർ.
പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് ഇരുന്നൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു മൊബൈൽ കമ്പനിയുടെ പോലും ടവർ ഇല്ലാത്തതിനാൽ ഫോൺ വിളിക്കാനും മറ്റും ഏറെ അകലെയുള്ള കൂരാച്ചുണ്ട് അങ്ങാടിക്ക് സമീപമെത്തണം. സമീപ പ്രദേശങ്ങളായ പൊറാളി, പൂവത്താംകുന്ന് മേഖലകളിലും റെയ്ഞ്ച് ഇല്ലാത്ത സാഹചര്യമാണ്. ഫോൺ വിളിക്കാൻ ബി.എസ്.എൻ.എൽ ലാൻഡ്ലൈൻ കണക്ഷനുകളായിരുന്നു മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാൽ മഴയോ കാറ്റോ ഉണ്ടായാൽ ലാൻഡ് ഫോണുകളും പരിധിക്ക് പുറത്താകും. പ്രഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർ വരെ ഗ്രാമത്തിലുണ്ട്. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ഇവരടക്കമുള്ളവർ വലിയ പ്രയാസത്തിലാണ്. ഓഞ്ഞിലിൽ നിന്നും കിലോ മീറ്ററുകൾ അകലെയുള്ള കരികണ്ടൻപാറയിലെയും, എരപ്പാംതോടിലെയും ടവറുകളിൽ നിന്നാണ് ഇവിടേക്ക് സിഗ്നൽ ലഭിക്കേണ്ടത്. എന്നാൽ രണ്ട് ടവറിന് കീഴിലും കണക്ഷൻ കൂടിയതോടെ സാങ്കേതിക പ്രശ്നങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കേബിൾ നെറ്റ് വർക്ക് വഴി ഇന്റർനെറ്റ് പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാകാത്ത വിലയാണ് നൽകേണ്ടത്. കനത്ത മഴ ജുടരുന്ന സാഹചര്യത്തിൽ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ആശയവിനിമയം നടത്താൻ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്ത സാഹചര്യം ആശങ്ക വർധിപ്പിക്കുകയാണ്.