✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ അസൗകര്യങ്ങൾക്ക് പരിഹാരമാവുന്നു. കെ.എം.സച്ചിൻ ദേവ് എം.എൽ.എ ചെയർമാനും, കളക്ടർ വൈസ് ചെയർമാനുമായിട്ടുള്ള ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലാണ് കരിയാത്തുംപാറ - തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ. കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനിയറാണ് കൺവീനർ.
ടൂറിസ്റ്റ് കേന്ദ്രത്തിൽ ആവശ്യമായ പാർക്കിങ് - ശൗചാലയ സൗകര്യമില്ലാത്തതും, പ്രദേശത്തെ തകർന്ന റോഡുകളെ കുറിച്ചും മാതൃഭൂമി വാർത്ത നൽകിയിരുന്നു.
തോണിക്കടവ് വ്യൂ ടവർ പെയിന്റിങ്, കേബിൾ സ്റ്റോൺ പ്രവൃത്തി, ദിശാബോർഡ്, പൂന്തോട്ട നവീകരണം, ഓവുചാൽ നവീകരണം എന്നീ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും. കുട്ടികളുടെ പാർക്കിലേക്ക് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്തിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
'പാർക്കിങ് സൗകര്യം വിപുലീകരിക്കുന്നു'
കരിയാത്തുംപാറയിലത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു വാഹന പാർക്കിങ്ങിനുള്ള സൗകര്യക്കുറവ്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ റോഡിന്റെ ഇരുവശവും സഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം മറ്റു വാഹനങ്ങൾ കടന്ന് പോകുമ്പോൾ സൈഡ് കൊടുക്കാൻ ഇടമില്ലാതെ വാഹനങ്ങൾ കുരുക്കിൽ പെടുന്നത് പതിവായിരുന്നു.
ഗതാഗത കുരുക്കിന് പ്രധാന കാരണം പാർക്കിങ് സൗകര്യമില്ലാത്തതായതിനാൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് വെള്ളം കയറാത്ത മേഖലയിൽ മണ്ണും ക്വാറി അവശിഷ്ടവും ഇട്ട് ഗതാഗത സൗകര്യമൊരുക്കാനുള്ള നടപടികൾ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ആരംഭിച്ചു. ഏക്കർ കണക്കിന് സ്ഥലത്താണ് ഇതിനായി മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി. ഇതിനായി പതിനാല് ലക്ഷം രൂപയാണ് നീക്കി വെച്ചത്. പതിനെട്ട് ലക്ഷം രൂപ ഓവുചാൽ നിർമ്മാണത്തിനും നീക്കിവെച്ചിട്ടുണ്ട്.
'ശുചിമുറി സൗകര്യമൊരുങ്ങുന്നു'
ദിവസേന നൂറ് കണക്കിന് സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ ശൗചാലയ സൗകര്യമില്ലാത്തതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമാവും. പഞ്ചായത്തിന് കീഴിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപം ടോയ്ലറ്റ് ടാങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നുണ്ട്. കൂടുതൽ ശുചിമുറികൾ ഇതിനോട് അനുബന്ധിച്ച് തയ്യാറാകും.
'മഴ കഴിയലും റോഡ് നിർമ്മാണം ആരംഭിക്കും'
തകർന്ന് യാത്ര ദുസ്സഹമായ തോണിക്കടവ്-കരിയാത്തുംപാറ റോഡിന് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പണി തുടങ്ങിയിരുന്നില്ല. കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഉൾപ്പടെ ദിവസേന നൂറ്കണക്കിന് വിനോദസഞ്ചാരികളുടെയടക്കം വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി പണി പൂർത്തീകരിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മാണം കരാർ എടുക്കുകയും സൈറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ നിലവിൽ തോണിക്കടവ് - കരിയാത്തുംപാറ റോഡിൽ നടന്നു കൊണ്ടിരിക്കുകയാണ്. ജൽജീവൻ പ്രവൃത്തി പൂർത്തിയാവുന്നതോട് കൂടി മഴ കുറയുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണം ആരംഭിക്കാനാവശ്യമായ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി അറിയിച്ചു.
അധികൃതർ സ്ഥലം സന്ദർശിച്ചു
പാത്ത് വേ, വ്യൂ പോയിന്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, റിസർവോയറിലേക്ക് റാംപ് ഉൾപ്പടെ നടപ്പിലാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം അധികൃതർ അറിയിച്ചു. പ്രവൃത്തികൾ സംബന്ധിച്ച് വിശദമായ പ്രോജക്ട് തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനിയർ യു.കെ.ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയർ പി.കെ.ബിജു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.