*കൂരാച്ചുണ്ട് അങ്ങാടിയിലെത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് സ്ഥലമില്ല
കൂരാച്ചുണ്ട് :പാർക്കിങ് സൗകര്യമില്ലാതെ കൂരാച്ചുണ്ട് അങ്ങാടി കുരുക്കിലാകുന്നു. അങ്ങാടിയുടെ പ്രധാന ഭാഗങ്ങളിൽ ഒന്നും പാർക്കിങ് സൗകര്യമില്ല.
ഏതെങ്കിലും കടയിൽ കയറാൻ റോഡിൽ നിർത്തണം. ഇത് ഗതാഗത കുരുക്കിനും കാരണമാകും. പാർക്കിങ്ങിന് സ്ഥലമില്ലാത്തത് കൊണ്ട് മാത്രം കാറിനു പകരം ഇരുചക്ര വാഹനത്തിൽ എത്തുന്നവരുടെ എണ്ണവും പെരുകി. സ്വകാര്യ വ്യക്തികൾ ചെറിയ സ്ഥലങ്ങളിൽ നടത്തുന്ന പേ ആൻഡ് പാർക്കിങും അങ്ങാടിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ മതിയാകുന്നില്ല. റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടും വാഹന ബാഹുല്യം അങ്ങാടിയെ വീർപ്പുമുട്ടിക്കുകയാണ്.
റോഡുകളിലെ നോ പാർക്കിങ് കേന്ദ്രങ്ങളിൽ മറ്റു മാർഗമില്ലാതെ ജനങ്ങൾ വാഹനം പാർക്ക് ചെയ്യുകയാണ്. ഇവിടെ വാഹനം ഇടുന്നവർക്ക് പോലീസിന്റെ പിഴയും ലഭിക്കുന്നുണ്ട്. കുപ്പിക്കഴുത്ത് പോലെയുള്ള കൂരാച്ചുണ്ട് അങ്ങാടിയിലെ റോഡുകൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിന് പുറമേയാണ് വാഹന പാർക്കിങ്ങിനുള്ള സ്ഥലക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ഓണം അടുത്തതോടെ ഇനിയുള്ള ദിവസങ്ങളിൽ അങ്ങാടിയും പരിസര പ്രദേശങ്ങളും കൂടുതൽ തിരക്കിൽ പെടും. ഇത് മുന്നിൽ കണ്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് ആവശ്യമായ നിശ്ചിത സ്ഥലം ഒഴിവാക്കി സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. പഞ്ചായത്തിന് പേ ആൻഡ് പാർക്കിങ് സംവിധാനമില്ലാത്തതും സ്ഥലം കണ്ടെത്താൻ സാധിക്കാത്തതും പോരായ്മയാണ്. അങ്ങാടിയിലെ പാർക്കിങ് ഒരു കീറാമുട്ടിയാണെന്ന് പോലീസും സമ്മതിക്കുന്നു.
പാർക്കിങ് സൗകര്യമൊരുക്കണം
ജനപ്രതിനിധികളും, വിവിധ വകുപ്പ് അധികാരികളും അടങ്ങുന്ന സമിതി ഉണ്ടാക്കി അങ്ങാടിക്ക് സമീപം ആവശ്യമായ സ്ഥലം കണ്ടെത്തി അവിടെ പാർക്കിങ്ങിനുള്ള സൗകര്യമൊരുക്കണം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ എത്തുന്ന അങ്ങാടിക്ക് സമീപം പാർക്കിങ് ഗ്രൗണ്ട് ഉണ്ടാക്കിയാൽ പഞ്ചായത്തിന് വരുമാനം ലഭിക്കുന്നതിനൊപ്പം ഒരാൾക്കെങ്കിലും ജോലി ലഭിക്കാനും സാഹചര്യമൊരുങ്ങും.
ജ്യോതിഷ് രാരപ്പൻകണ്ടി
(പൊതുപ്രവർത്തകൻ)