Trending

മൊബൈൽ ടവറുണ്ട് : പക്ഷേ റെയ്ഞ്ച് ഇല്ല


✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് :കരിയാത്തുംപാറയിലെ ജനങ്ങൾക്ക് ഒന്ന് ഫോൺ വിളിക്കണമെങ്കിൽ പലപ്പോഴും റെയ്ഞ്ച് തേടി അലയണം. നാട് 5ജി യുഗത്തിലെത്തി നിൽക്കുമ്പോഴും മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ഇല്ലാതെ പ്രയാസപ്പെടുകയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ്‌ കരിയാത്തുംപാറ നിവാസികൾ. ഇരുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ബി.എസ്.എൻ.എലിന്റെ ടവർ അല്ലാതെ മറ്റു മൊബൈൽ ഫോൺ ടവറുകൾ ഇല്ല. വൈദ്യുതി ഇല്ലെങ്കിൽ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് കിട്ടില്ല. ബി.എസ്.എൻ.എൽ ബാറ്ററി ബാക്കപ്പ് ഏർപ്പെടുത്താത്തത് ആണ് പ്രതിസന്ധിക്ക് കാരണം. പല തവണ പരാതിപ്പെട്ടിട്ടും ഈ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

നിലവിൽ ടവർ ടുജി മാത്രം ലഭിക്കുന്ന സ്ഥിതിയായതിനാൽ ഇൻ്റർനെറ്റ് സർവീസ് ലഭിക്കുന്നില്ല. പരസ്‌പരം ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥ കാരണം വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. കഴിഞ്ഞദിവസം രാത്രി 12.45നു കക്കയം ഡാം തുറന്ന് വിട്ടത് സൈറൺ മുഴങ്ങുമ്പോഴാണ് പ്രദേശവാസികൾ മനസിലാക്കിയത്. ജില്ലയിലെ വിലങ്ങാട് മേഖലയിൽ 13 വീടുകൾ ഒലിച്ച് പോയിട്ടും ജീവഹാനി സംഭവിക്കാതിരുന്നത് എല്ലാവരെയും മുൻകൂട്ടി അറിയിക്കാൻ കഴിഞ്ഞതും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിഞ്ഞതുമാണ്. എന്നാൽ കരിയാത്തുംപാറയിൽ അത്തരമൊരു ദുരന്തമുണ്ടായാൽ ആശയവിനിമയം നടത്താൻ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്ത സാഹചര്യമാണ് ആശങ്ക വർധിപ്പിക്കുന്നത്. ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൻ്റെ ശേഷി വർധിപ്പിക്കണമെന്ന് പല തവണ നാട്ടുകാർ വിട്ടുകാർ ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ്‌ അടക്കമുള്ള സംഘടനകൾ സമരം ചെയ്യുകയും,നിവേദനങ്ങൾ നൽകുകയും ചെയ്‌തു. എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉപഭോക്താക്കൾ കുറവായതിനാൽ സ്വകാര്യ മൊബൈൽ സർവീസ് ദാതാക്കളും താൽപര്യമെടുക്കുന്നില്ല.

Post a Comment

Previous Post Next Post