കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ESA പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കും എന്ന സർക്കാർ ഉറപ്പ് നിലനിൽക്കെ കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് വെബ്സൈറ്റിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു മാപ്പും, അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു മാപ്പും അപ്‌ലോഡ് ചെയ്തുകൊണ്ട് ഈ വിഷയത്തിൽ സർക്കാരിന്റെ കള്ളക്കളി തുടരുന്നു.
വില്ലേജ് അതിർത്തി മനസ്സിലാക്കാനാണ് വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുള്ള മാപ്പ് പുറത്തുവിട്ടത് എന്നാണ് പരിസ്ഥിതി വകുപ്പ് പറയുന്നത്. എന്നാൽ ആ മാപ്പ് പരിശോധിക്കുമ്പോൾ പല വില്ലേജുകളിലും വില്ലേജ് അതിർത്തിയിലൂടെയല്ല അല്ല ESA അതിർത്തി പോയിരിക്കുന്നത് എന്ന് കാണാം. ഉദാഹരണത്തിന് ചെക്കിട്ടപാറ വില്ലേജ് പൂർണ്ണമായും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത് എങ്കിലും ചെക്കിട്ടപാറ അങ്ങാടി ഉൾപ്പെടാതെ പെരുവണ്ണാമൂഴി റോഡിന്റെ വലതുവശത്തുള്ള ഭാഗങ്ങൾ മാത്രമാണ് മാപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.
കൂരാച്ചുണ്ട് വില്ലേജ് ലിസ്റ്റിൽ ഇല്ലെങ്കിലും കൂരാച്ചുണ്ടു വില്ലേജിൽ ഉൾപ്പെട്ട കരിയാത്തുംപാറ കല്ലാനോട്, ഓട്ടപ്പാലം പ്രദേശങ്ങൾ ESA യിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിൽ നിന്നുതന്നെ വില്ലേജ് അതിർത്തി അറിയാനായിട്ടാണ് രണ്ടു മാപ്പുകൾ നൽകിയിരിക്കുന്നത് എന്ന വാദം തെറ്റാണ് എന്ന് വ്യക്തമായിരിക്കുകയാണ്. എന്നുമാത്രമല്ല കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ലിസ്റ്റ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള മാപ്പുകൾ പുറത്തിറക്കേണ്ടത് നിയമപരമായി സംസ്ഥാന സർക്കാരിന്റെ ബാധ്യതയുമാണ്.
അത് മറച്ചുവെച്ചുകൊണ്ട് ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് മുതൽ കണ്ണൂർജില്ലാ അതിർത്തിയായ വിലങ്ങാട് മേഖല വരെയുള്ള ESA അതിർത്തിയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
കരിയാത്തുംപാറ അങ്ങാടിയുടെ ഏകദേശം 300 മീറ്റർ അകലെ ആരംഭിച്ചു 28- കൂരാച്ചുണ്ട് റോഡിൽ കല്ലാനോട് അങ്ങാടി വരെ പോയി കല്ലാനോട് അങ്ങാടിയും പള്ളിയും സ്കൂളും ഉൾപ്പെടെ തൂവക്കടവ് ഭാഗത്തേക്ക് നീങ്ങുകയും അവിടെനിന്ന് പൂവത്തും ചോല, ഓട്ടപ്പാലം നരി നട പ്രദേശങ്ങൾ കവർ ചെയ്തു കേളോത്ത് വയൽ അങ്ങാടിയിൽ എത്തുകയും അവിടെ നിന്ന് കുളത്തുവയൽ വഴി ചെക്കിട്ട പാറക്കുള്ള റോഡിന്റെ വലതുവശം മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് ചെകിട്ടപാറ പഞ്ചായത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
ചെക്കിട്ടപാറ അങ്ങാടിയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലത്തിൽ നേർരേഖയിലായി പെരുവണ്ണാമൂഴിയിലേക്ക് പോവുകയും പെരുവണ്ണാമൂഴി, മുതുകാട്, ചെമ്പനോട പൂഴിത്തോട് പ്രദേശങ്ങൾ പൂർണ്ണമായും ഉൾപ്പെട്ടുകൊണ്ട് പശുക്കടവ് മേഖലയിലേക്ക് നീങ്ങി മരുതോങ്കര പഞ്ചായത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
പശുക്കടവ്, കുണ്ടുതോട്, വട്ടിപ്പന പ്രദേശങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ട് തൊട്ടിൽ പാലം അങ്ങാടിയിൽ എത്തി പൂക്കോട്, കരിങ്ങാട് വഴി വാണിമേൽ പഞ്ചായത്തിലെ ചീക്കൊന്നു വെസ്റ്റ്, മുള്ളമ്പത്, മൂടിക്കൽ, വാളംതോട് Past വിലങ്ങാട് എത്തി കണ്ണവം ഫോറെസ്റ്റ് വഴി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നു.
നിലവിൽ നൽകിയിരിക്കുന്ന രണ്ടു മാപ്പുകളിൽ ഏതാണ് അന്തിമമായി ഉപയോഗിക്കാൻ പോകുന്നത് എന്ന് ചോദിക്കുമ്പോൾ സംസ്ഥാന സർക്കാരിന് ഉത്തരമില്ലാത്ത അവസ്ഥയാണ്.
അന്തിമമായി ഉപയോഗിക്കുന്ന ഒരു മാപ്പ് മാത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ഈ ആശങ്ക ദൂരീകരിക്കണമെന്ന് കിഫ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി പ്രസ്താവിച്ചു.