Trending

ഗുളിക കഴിച്ചപ്പോൾ ഗർഭം അലസിയെന്ന് കരുതി; ഇല്ലെന്ന് അറിഞ്ഞതോടെ രഹസ്യമായി പ്രസവിക്കാൻ തീരുമാനം; മരിച്ചു പോയെന്നു കരുതിയ കു‍ഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലിൽ നൽകാൻ കൈമാറിയത് ? ദുരൂഹത ഒഴിയുന്നില്ല


പൂച്ചാക്കൽ: തകഴിയിൽ ദുരൂഹസാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. കുഞ്ഞിന്റെ അമ്മയായ പൂച്ചാക്കൽ ഉളവയ്പ് ആനമുട്ടിച്ചിറ ഡോണ ജോജി (22) ഗർഭം അലസാണ് ശ്രമം നടത്തിയിരുന്നു. എന്നാൽ അത് പരാജയപ്പെട്ടതോടെ ആണ് രഹസ്യമായി പ്രസവിക്കാൻ തീരുമാനിച്ചത്. അതിനു ശേഷം എന്ത് ചെയ്യാമെന്ന് തീരുമാനിക്കാൻ ആണ് മൂവർസംഘം തീരുമാനിച്ചത്. അമ്മത്തൊട്ടിലിൽ നൽകാനാണ് കുഞ്ഞിനെ തോമസ് ജോസഫിന് കൈമാറിയതെന്നാണ് ആദ്യം ഡോണ നൽകിയ മൊഴി. എന്നാൽ പിന്നീട് ജനിച്ചശേഷം ഒരിക്കൽ കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മരിച്ചു പോയിരിക്കാമെന്നു കരുതിയെന്നുമാണ് പറഞ്ഞത്.


മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലിൽ നൽകാൻ പറഞ്ഞതെന്ന് ചോദ്യം ഉയരുന്നുണ്ട്. പ്രസവിച്ച ഉടനെ തനിക്ക് ബോധം പോയെന്നും ഏറെ നേരത്തിനു ശേഷമാണ് ബോധം വന്നതെന്നും ഡോണ പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. ശുശ്രൂഷയോ, സഹായമോ ഇല്ലാതെ തനിച്ചുള്ള പ്രസവത്തിൽ സ്വാഭാവികമായും ബോധക്ഷയം ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

തങ്ങൾക്ക് ഡോണ കുഞ്ഞിനെ കൈമാറിയപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന മൊഴിയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കൊടുത്തിരിക്കുന്നത്. പ്രസവ ശേഷം വീടിന്റെ പാരപ്പറ്റിലും പടികൾക്കു താഴെയുമായാണ് കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിച്ചത്. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് തോമസ് ജോസഫിന് കുഞ്ഞിനെ കൈമാറുന്നത്. തകഴിയിൽ പാടശേഖരത്തിലെ പുറംബണ്ടിലാണ് മറവ് ചെയ്തത്.പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് പ്രധാനമായും ചോദിച്ചറിയാനുള്ളത്. രണ്ടും മൂന്നും പ്രതികളായ തോമസ് ജോസഫ്, ഇയാളുടെ സുഹൃത്ത് അശോക് ജോസഫ് എന്നിവരെ ഇന്നു ചേർത്തല കോടതി പൂച്ചാക്കൽ പൊലീസിന് കസ്റ്റഡിയിൽ നൽകും. വൈദ്യപരിശോധനകൾക്കു ശേഷം ചോദ്യം ചെയ്യൽ തുടങ്ങും. പിന്നീട് തെളിവെടുപ്പും നടത്തും. ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ പാണാവള്ളി ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലും റിമാൻഡിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഡോണ ഡിസ്ചാർജ് ആയ ശേഷമെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാകൂ. ഡോണയു‌ടെ ആൺ സുഹൃത്താണ് രണ്ടാം പ്രതി തോമസ് ജോസഫ്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഡോണ തന്റെ വീട്ടിലെ കിടപ്പുമുറിയിൽ പെൺകുഞ്ഞിന് ജന്മം കൊടുത്തത്. അന്നു അർധരാത്രിയ്ക്കു ശേഷം തോമസ് ജോസഫും സുഹൃത്ത് അശോകുമെത്തി കുഞ്ഞിനെ കൊണ്ടുപോയി, പിന്നീട് മറവു ചെയ്തു. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രസവ വിവരം വീട്ടുകാർ പോലും അറിയുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ പഠനകാലത്താണ് ഡോണയും തോമസ് ജോസഫും പ്രണയത്തിലായത്. പിന്നീട് ഡോണ തിരുവനന്തപുരത്തെ ജോലി പരിശീലനം നടത്തിയപ്പോഴും പ്രണയം തുടർന്നു. കുഞ്ഞിന്റെ മൃതദേഹം രണ്ടും മൂന്നും പ്രതികളുമായി ചേർന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഡോണയുടെ കുടുംബാംഗങ്ങൾ ചേർന്ന് ആലപ്പുഴ വലിയചുടുകാട്ടിൽ കുഞ്ഞിനെ സംസ്ക്കരിച്ചു.

Post a Comment

Previous Post Next Post