തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിൻ്റെ വിവിധ വശങ്ങൾ വിദഗ്ധരുമായും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ആരും ആവശേഷിക്കുന്നില്ല. ഈ കുടംബങ്ങളിലെ 65 പേരാണ് ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടത്. 119 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 172 പേരുടെ മരണാനന്തര ചടങ്ങുകൾക്ക് പണം നൽകിയിട്ടുണ്ട്. ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങൾ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. 219 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതബാധിതർക്കായി സർക്കാർ ക്വാർട്ടേഴ്സുകൾ താമസ യോഗ്യമാക്കിയിട്ടുണ്ട്. 105 വാടക വീടുകളും ഇവർക്ക് അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സർക്കാർ റദ്ദാക്കി. സർക്കാരിൻ്റെ ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. മറ്റുള്ള കാര്യങ്ങൾ മുറപോലെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎവൈ കാർഡ് ഉടമകൾക്ക് 13 ഇനം സാധനങ്ങളടങ്ങുന്ന ഓണക്കിറ്റ് നൽകും. സെപ്റ്റംബർ 6 മുതൽ ഓണം ഫെയറുകൾ സംഘടിപ്പിക്കും.
Tags:
Latest