✍🏿നിസാം കക്കയം
കക്കയം :മാർച്ച് അഞ്ചിന് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷനായ അബ്രഹാം വാലാട്ടിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരികമായി സമരം ചെയ്ത് പ്രതിഷേധിച്ചവർക്കെതിരെ കേസ്. ഐ.പി.സി. സെക്ഷൻ 143, 147, 283, 149 വകുപ്പുകൾ( ഗതാഗത തടസ്സം സൃഷ്ടിക്കൽ ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വ്യാഴായ്ച പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകാനാണ് നിർദേശം. കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ജോസ്ബിൻ ക്യര്യാക്കോസ്,മുൻ പ്രസിഡന്റുമാരായ സന്ദീപ് കളപ്പുരയ്ക്കൽ, സുനീർ പുനത്തിൽ, കർഷക സംഘടന നേതാക്കളായ കുര്യൻ ചെമ്പനാനി, അനു കടുകൻമാക്കൽ, സണ്ണി പാരഡൈസ് ഉൾപ്പടെയുള്ള പത്ത് പേർക്കെതിരെയാണ് കേസ്. അവധിക്ക് അപേക്ഷ നൽകാനാണ് കേസിൽ ഉൾപ്പെട്ടവരുടെ തീരുമാനം.
സ്വന്തം പറമ്പിൽ കൃഷിയിലേർപ്പെട്ട് കൊണ്ടിരിക്കെയാണ് അബ്രഹാം പാലാട്ടിയിൽ ( 70 )കഴിഞ്ഞ മാർച്ച് അഞ്ചിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് കക്കയം ഫോറസ്റ്റ് ഓഫീസിലേക്ക് വലിയ രീതിയിലുള്ള കർഷക മാർച്ചും, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു. ഇതിനെ തുടർന്ന് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരുന്നത്.
ഗ്രാമീണരെ നടുക്കിയ ദുരന്തത്തിൽ വൈകാരികമായി പ്രതിഷേധിച്ചവരുടെ പേരിൽ കേസ് എടുത്ത നടപടി നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്വഭാവികമായ പ്രതിഷേധമാണ് കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടന്നതെന്നും കർഷകരുടെ പേരിൽ കള്ളക്കേസ് കൊടുത്ത വനംവകുപ്പ് അധികൃതരുടെ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വി.ഫാം അറിയിച്ചു. ജോയ് കണ്ണഞ്ചിറ, സുമിൻ എസ് നെടുങ്ങാടൻ, വി.ടി.തോമസ് വെളിയംകുളം , ജോൺസൻ അരമന, തോമസ് പോക്കാട്ട്, കുര്യൻ ചെമ്പനാനി, സണ്ണി പാരഡൈസ്
എന്നിവർ സംസാരിച്ചു.