കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ മിന്നൽചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ കാളങ്ങാലി, ഒടിക്കുഴി, ഓട്ടപ്പാലം മേഖലകളിലാണ് മിന്നൽചുഴലി ആഞ്ഞുവീശിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് മിനിറ്റുകൾമാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റ്.
മേഖലയിലെ ഒട്ടേറെ വീടുകൾക്ക് മരംവീണുംമറ്റും കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ മരങ്ങൾ കടപുഴകിവീഴുകയും വൈദ്യുതലൈനുകൾ പലയിടത്തും പൊട്ടിവീഴുകയുമുണ്ടായി. പാതയോരത്തെ മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്ന് ഗതാഗതതടസ്സവും നേരിട്ടു. ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാളങ്ങാലി മുസ്‌ലിംപള്ളിക്ക് സമീപമുള്ള എരവത്ത് അമ്മദിൻ്റെ വീടിനുമുകളിലേക്ക് പ്ലാവ് കടപുഴകിവീണു. കിണറ്റിലേക്ക് തെങ്ങ് പൊട്ടിവീണതിനെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അഞ്ചിലധികം പ്ലാവുകൾ, ഇരുപത്തഞ്ചോളം വാഴകൾ, കവുങ്ങുകൾ തുടങ്ങി പറമ്പിലെ മുഴുവൻ കൃഷികളും കാറ്റിൽ നശിച്ചു. സമീപത്തെ ചീനിക്കൽ കുഞ്ഞാലിയുടെ പറമ്പിലെ കൊന്നമരം വേരോടെ കടപുഴകിവീണു. വി.എസ്. ഹമീദിൻ്റെ പറമ്പിലെ കൂറ്റൻതേക്ക് വേരോടെ കടപുഴകിവീണു. പ്ലാവ്, വാഴ, കവുങ്ങ് എന്നിവയും കാറ്റിൽ കടപുഴകി.
കരയച്ചാലക്കൽ റജീന, ചാമക്കാലയിൽ അഷ്റഫ്, സലീം കല്ലുവീട്ടിൽ എന്നിവരുടെ വീടിനുമുകളിലേക്ക് മരങ്ങൾവീണ് തകരാർ സംഭവിച്ചു. റജീനയുടെ വീടിൻന്റെ ഓടുകൾ തകർന്ന് ചോർച്ച സംഭവിച്ചിട്ടുണ്ട്. സലീമിന്റെ വീടിനുമുകളിലെ ഷീറ്റ് തകർന്നിട്ടുണ്ട്.
ഒടിക്കുഴി മേഖലയിൽ പുതിയവളപ്പിൽ സാറയുടെ വീടിനുമുകളിലേക്ക് കൂറ്റൻ റബ്ബർമരം കടപുഴകിവീണ് മെയിൻ സ്ലാബിന് തകരാർ സംഭവിച്ചിട്ടുണ്ട്. നിസാർ ചെറുപറമ്പിലിൻ്റെ വീടിനുമുകളിലേക്കും മരംവീണ് തകരാർ സംഭവിച്ചിട്ടുണ്ട്. മുറ്റത്തെ തെങ്ങും കടപുഴകിവീണിട്ടുണ്ട്.
ഓട്ടപ്പാലം മേഖലയിൽ ഷിബു തെക്കയിലിന്റെ വീടിനുമുകളിലേക്ക് മരം കടപുഴകിവീണു. സോണി തേനംമാക്കൽ, ബേബി വടക്കേപൂണ്ടികുളം, ജിമ്മി കണിയാറകത്ത്, ബിജു ഒറ്റപ്ലാക്കൽ എന്നിവരുടെ കൃഷിയിടത്തിലെ ഒട്ടേറെ റബ്ബർ, തെങ്ങ്, കവുങ്ങ്, കപ്പ തുടങ്ങിയ കൃഷികൾ നശിച്ചു.
ചുഴലിലിക്കാറ്റിനെത്തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച മേഖലകൾ ജനപ്രതിനിധികൾ സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ.കെ. അമ്മദ്, ഗ്രാമപ്പഞ്ചായത്തംഗം എൻ.ജെ. ആൻസമ്മ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ജോൺസൺ കക്കയം, വി.എസ്. ഹമീദ്, ജെറിൻ കുര്യാക്കോസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
