✍️ നിസ്സാം കക്കയം
കൂരാച്ചുണ്ട് :പഞ്ചായത്തിലെ വിവിധ വാർഡുകളിലും , അങ്ങാടികളിലും, പോക്കറ്റ് റോഡുകളിലും സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ കത്താത്തത് യാത്രക്കാരെയും, പ്രദേശവാസികളേയും ബുദ്ധിമുട്ടിലാക്കുന്നു. വിളക്കുകൾ കണ്ണടച്ചിട്ട് കാലമേറെയായതോടെ നാട്ടുകാർ കെ.എസ്.ഇ.ബി, പഞ്ചായത്ത് ഓഫീസുകളിൽ പരാതിപ്പെട്ടെങ്കിലും പരിഹാരമായിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റുകൾ ഒഴിച്ച് ബാക്കിയെല്ലാ തെരുവ് വിളക്കുകളും പ്രവർത്തനരഹിതമായ സാഹചര്യമാണുള്ളത്.
ഉൾപ്രദേശങ്ങളിലെ റോഡുകളിൽ കൂടി സഞ്ചരിക്കുന്നവർക്ക് സന്ധ്യയായാൽ ആശ്രയം തെരുവ് വിളക്കുകളാണ്. ഇവ മിഴി പൂട്ടിയതോടെ രാത്രി യാത്രികർ ബുദ്ധിമുട്ടിലായി. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതിയാണ്. സന്ധ്യയായാൽ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ തെരുവ് നായ്ക്കളും, ഇഴ ജന്തുക്കളും കയ്യടക്കും. തെരുവ് വിളക്കുകൾ കൂടി കണ്ണടച്ചതോടെ കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ഫ്യൂസ് പോയ ബൾബുകൾ നന്നാക്കി പുതിയത് സ്ഥാപിക്കാനായി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ കരാർ എടുത്തത് കാസർഗോഡുള്ള സ്വകാര്യ ഏജസിയായിരുന്നു. എന്നാൽ അറ്റകുറ്റപണി നടത്തേണ്ട കമ്പനി പുതിയ ബൾബുകൾ സ്ഥാപിക്കാനുള്ള നടപടികളെടുത്തില്ല. കുറച്ചു ബൾബുകൾ മാറ്റി സ്ഥാപിച്ചിരുന്നുവെങ്കിലും അധികം കഴിയാതെ തന്നെ അവ കത്താതായി. വിദൂര സ്ഥലത്തെ ഏജൻസിക്ക് കരാർ കൊടുക്കാതെ ജില്ലയ്ക്കകത്തുള്ളവർക്ക് കരാർ കൊടുത്തിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.