കൂരാച്ചുണ്ട്: നീണ്ട അമ്പത്തഞ്ചു വർഷത്തെ അദ്ധ്യാപനത്തിന് വിരാമമിട്ട് തലമുറകളുടെ ഗുരുവര്യർ തൊമരശ്ശേരി ഇബ്‌റാഹീം മുസ്‌ലിയാർ പടിയിറങ്ങി. കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്ന തൊമരശ്ശേരി അബ്ദുൽ ഖാദർ , ഖദീജ ദമ്പതികളുടെ മകനായി 1953 ലാണ് ജനനം. അത്തിയോടി ജുമാമസ്ജിദിലെ ആദ്യകാല മുദരിസായിരുന്ന വളപട്ടണം വലിയ തങ്ങളുടെ ദർസിലായിരുന്നു പ്രാഥമിക പഠനം. പഠന കാലയളവിൽ തന്റെ ഗുരുവിന്റെ നിർദേശപ്രകാരമാണ് മദ്‌റസ അധ്യാപന രംഗത്തേക്ക് കടന്നു വരുന്നത്. അതോടൊപ്പം ഇതേപ്രായത്തിൽ അത്തിയോടി മുഹ്‌യുദ്ധീൻ ജുമാമസ്ജിദിന്റെ കണക്ക് സൂക്ഷിപ്പുകാരനായും സേവനം ആരംഭിച്ചു. ഇടക്കാലത്ത് തന്റെ പഠനം ജീവിതം കാസർഗോഡിലേക്ക് പറിച്ചു നട്ടെങ്കിലും തന്റെ അഭാവം മൂലം നാട്ടിലുണ്ടായ വിടവ് നികത്താൻ വലിയ തങ്ങളുടെയും, നാട്ടു കാരണവൻമാരുടെയും ആവശ്യവും നിർദേശവും മാനിച്ച് തിരിച്ചു വരികയായിരുന്നു. തുടർന്ന് നാട്ടിൽ തന്നെ പഠനവും പ്രവർത്തനവും തുടർന്നു. തന്റെ പതിനഞ്ചാം വയസ്സിൽ ഔദ്യോഗികമായി മുഅല്ലിമായി രജിസ്റ്റർ ചെയ്ത് മദ്‌റസ അദ്ധ്യാപനം ആരംഭിച്ച അദ്ദേഹം കഴിഞ്ഞ വർഷം വരെ സജീവമായി സേവന രംഗത്തുണ്ടായിരുന്നു. അധ്യാപകനായി സേവനം ചെയ്യുമ്പോളും പ്രാസ്ഥാനിക രംഗത്തും സജീവമായ അദ്ദേഹം എസ് വൈ എസ് കൂരാച്ചുണ്ട് പഞ്ചായത്ത് സെക്രട്ടറി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പേരാമ്പ്ര റെയ്ഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തന്റെ പിതാവിന്റെ പാത പിന്തുടർന്ന് കൊണ്ട് തന്റെ ചുറ്റുപാടുകളെ ഇന്നും പച്ചപ്പ് കൊണ്ടലങ്കരിക്കുന്ന മികച്ച കർഷകൻ കൂടിയാണ് ഇബ്‌റാഹീം ഉസ്താദ്. ദീർഘകാലത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം നടന്ന ഇലൽ ഹബീബ് മീലാദ് ഫെസ്റ്റിൽ വെച്ച് മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്‌റസ കമ്മിറ്റിയും, പൂർവ്വ വിദ്യാർഥികളും ചേർന്ന് ആദരിച്ചു.
