Trending

മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ എല്ലാ ഇടവകകളും സംയുക്തമായി. മരുതോങ്കരയിൽ ഐക്യദാർഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും നടത്തി.





മരുതോങ്കര: മണിപ്പൂരിൽ നടക്കുന്ന അതിക്രൂരമായ അക്രമങ്ങൾക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ എല്ലാ ഇടവകകളും സംയുക്തമായി മരുതോങ്കരയിൽ ഐക്യദാർഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും നടത്തി.

രാവിലെ 9 മണിക്ക് മുള്ളൻകുന്ന് അങ്ങാടിയിലുള്ള കുരിശുപള്ളിയിൽ ആരംഭിച്ച അഖണ്ഡജപമാലയ്ക്ക് ഫൊറോന വികാരി റവ. ഫാ. ജോർജ്ജ് കളത്തൂർ നേതൃത്വം നൽകി. വൈകുന്നേരം 5 മണിക്ക് ഫൊറോന ദൈവാലയത്തിൽ നിന്നും ആരംഭിച്ച ജപമാല റാലിയിൽ ഫൊറോനയ്ക്ക് കീഴിലെ വിവിധ ഇടവകകളിൽ നിന്നും വന്ന കുട്ടികളും യുവജനങ്ങളും മുതിർന്നവരും വൈദികരും സന്യസ്തരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അണിനിരന്നു.



റാലിയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ കുണ്ടുതോട് സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. ജോർജ്ജ് വരിക്കശ്ശേരി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന്, മാനന്തവാടി രൂപതയിലെ പി.ആർ. ഒ. ബഹു. സാന്റോ എബ്രഹാം മേച്ചേരി മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന ക്രൂരതകളുടെ കാരണങ്ങളും പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെയും കൂറിച്ച് വിശദമാക്കി. തുടർന്ന് സീറോ മലബാർ സഭാ വക്താവും തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ കാളംപാറമ്പിൽ സാർ മണിപ്പൂരിലെ അക്രമങ്ങളുടെ ഉത്ഭവവും അവയുടെ ഗതിയും ഇന്ത്യയിൽ പലയിടങ്ങളിലായി നടക്കുന്ന അക്രമണങ്ങളുടെ കാരണങ്ങളും വിശദമാക്കി സംസാരിച്ചു.


സീറോമലബാർ പ്രൊലൈഫ് സംസ്ഥാന സെക്രട്ടറി, ശ്രീമതി സെമിലി സുനിൽ മണിപ്പൂരിലെ നരഹത്യകളും അക്രമണങ്ങളും ഉളവാക്കുന്ന ഭയത്തെക്കുറിച്ചും നമ്മൾ ജാഗരൂകരാകേണ്ടതിനെക്കുറിച്ചും സംസാരിച്ചു. കെ.സി.വൈ.എം. സംസ്ഥാന സെനറ്റ് അംഗം ശ്രീ. റിച്ചാർഡ് ജോൺ, മണിപ്പൂരിലെ ചോരപ്പുഴകൾ നിയന്ത്രിക്കുന്നതിന് ഭരണസംവിധാനങ്ങൾ ശ്രമിക്കുന്നില്ലായെങ്കിൽ യുവജനങ്ങൾ ഒന്നാകെ സംസ്ഥാനതലം വരെ തെരുവിൽ ഇറങ്ങുന്ന സ്ഥിതി ആവശ്യമായി വരുമെന്ന് മുന്നറിയിപ്പ് നൽകി സംസാരിച്ചു.



മരുതോങ്കര ഇടവക സെക്രട്ടറി ശ്രീ. ടോമി പെരുവിലങ്ങാട്ട് എല്ലാവർക്കും നന്ദി പറഞ്ഞു. ആൻസെലിൻ തടത്തിൽ കാര്യപരിപാടികൾ നിയന്ത്രിച്ചു. കാലാവസ്ഥ പോലും മാറി നിന്ന പ്രതിഷേധ റാലിക്ക് ബഹു. ഫാ. ജോർജ്ജ് കളത്തൂർ, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ഫ്രാൻസിസ് വെള്ളാമാക്കൽ, ഫാ. സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ, ഫാ. ജിനോയി പനക്കൽ, ഫാ. ജോസഫ് പുത്തേട്ടുപടവിൽ, ശ്രീ. തോമസ് കൈതക്കുളം, ശ്രീ. ജോസ് കുമ്പിടിയാങ്കൽ, ശ്രീ. ബെന്നിച്ചൻ കറുകമാലിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post