ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കൊമ്പനാന അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വനംവകുപ്പിന്റെ ദൗത്യസംഘം ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസത്തിലാണ് സിങ്കുകണ്ടം സിമന്റ് പാലത്തിന് സമീപം വെച്ച് ആനയെ മയക്കുവെടി വെച്ചത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ.
ഇന്ന് രാവിലെ തന്നെ ആനയെ സിമന്റ് പാലത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ആന. പിടികൂടുന്നതിനായി കൊണ്ടുവന്ന കുങ്കിയാനകളെ ഇറക്കുകകയും ചെയ്തു. തുടർന്നാണ് അനുയോജ്യമായ സാഹചര്യമെന്ന് വിലയിരുത്തി ആനയെ മയക്കുവെടി വെച്ചത്.
ഇന്നലെ 150 അംഗങ്ങളടങ്ങുന്ന ദൗത്യസേന പല സംഘങ്ങളായി സർവ സന്നാഹങ്ങളോടെ കൊമ്പനെ കുടുക്കാൻ പുലർച്ചതന്നെ രംഗത്തിറങ്ങിയെങ്കിലും ഒമ്പത് മണിക്കൂർ തിരഞ്ഞിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഉച്ചക്ക് ഒരുമണിയോടെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പിന്നീട്, വൈകീട്ട് ആറോടെ ശങ്കര പാണ്ഡ്യമേട്ടിൽ ആനയെ കണ്ടെത്തിയിരുന്നു.
Tags:
Latest
