വിപണിയില്‍ ഏഴു കോടിയിലധികം രൂപ വില വരുന്ന കസ്തൂരിയുമായി മൂന്നുപേര്‍ കോഴിക്കോട് വനം വിജിലന്‍സിന്റെ പിടിയില്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് സാഹസികമായാണ് ഇവരെ പിടികൂടിയത്.
വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് മാവൂര്‍ റോഡില്‍ കോട്ടൂളിയില്‍ വച്ചാണിത്. 120 ഗ്രാം കസ്തൂരിയാണ് പ്രതികളായ തലശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ, പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം എന്നിവരില്‍ നിന്ന് പിടികൂടിയത്. ഇത് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പിടികൂടിയത്. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനാണ് ഇത് വില്‍പ്പന നടത്തുന്നത്. ഒരു ഗ്രാമിന് 7 ലക്ഷം രൂപയാണ് വിലയെന്ന് പ്രതികള്‍ പറഞ്ഞു.
വനം വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷി വരുന്നതാണ് കസ്തൂരിമാന്‍. ഇതിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. മൂന്നു വര്‍ഷം മുതല്‍ എട്ടുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. വനം വിജിലന്‍സിനു പുറമെ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ്, താമരശേരി റേഞ്ചിലെ ഉദ്യോഗസ്ഥരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇത് എവിടെനിന്നാണ് എത്തിച്ചത്, ആര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. പ്രതികളേയും പിടികൂടിയ കസ്തൂരിയും താമരശേരി റേഞ്ച് ഓഫിസിലേക്ക് കൈമാറും
Tags:
Latest