Trending

കേരളത്തിന് സ്വന്തമായി മദ്യ ബ്രാന്‍ഡ് വരുന്നു.




മലബാര്‍ ബ്രാണ്ടി എന്ന് പേരിട്ടിരിക്കുന്ന മദ്യം അടുത്ത വര്‍ഷത്തെ ഓണത്തിന് പുറത്തിറക്കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ആണ് മലബാര്‍ ബ്രാണ്ടിക്ക് പിന്നില്‍. മദ്യം പുറത്തിറക്കുന്നതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് വിവരം.

വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് ആണ് സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ ബ്രാണ്ടി എത്തിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡ് ജവാന്‍ റമ്മാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യം വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് ആലോചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

‍ എന്നാൽ കഴിഞ്ഞ ദിവസമാണ് പുതിയ ബ്രാന്‍ഡിന്റെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നത്. മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉല്‍പാദിപ്പിക്കുന്നത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുക ആണ് മലബാര്‍ ഡിസ്റ്റിലറി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവും ബോര്‍ഡ് അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതോടെ ഇനി മദ്യ നിര്‍മാണം വേഗത്തിലാകാനാണ് സാധ്യത.

മലബാര്‍ ഡിസ്റ്റിലറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് ആണ് നിര്‍മാണ ചുമതല കൈമാറിയിരിക്കുന്നത്. ആദ്യഘട്ടമായി സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുക. സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് ആലോചന.

അതിന് ശേഷം പ്ലാന്റ് നിര്‍മാണം ആരംഭിക്കും. മാര്‍ച്ച് മാസത്തിന് മുന്‍പ് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറവ് മൂലം ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബെവ്കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. 20 കോടിയാണ് സര്‍ക്കാര്‍ മദ്യ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

മലബാര്‍ ഡിസ്റ്റിലറീസ് പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ലായിരുന്നു. പ്രതിദിനം 15,000 കെയ്സ് ബ്രാന്‍ഡിയാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. ഒരു കെയ്‌സില്‍ ഒന്‍പത് ലിറ്ററാണ് ഉണ്ടാകുക. ജവാന്‍ റമ്മിന്റെ ഉത്പാദനം 7000 കെയ്‌സില്‍ നിന്നും പ്രതിദിന ഉത്പാദനം 10,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post