Trending

വൈദ്യുതിയിൽ നിരക്ക് ഓരോ മാസവും വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം



തിരുവനന്തപുരം :
ഓരോ മാസവും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി. വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാർജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികൾക്ക് വരുന്ന അധികച്ചിലവ് വൈ​ദ്യുതി നിരക്കിലൂടെ ഉപഭോ​ക്താക്കളിൽ നിന്ന് ഈടാക്കാം.

വർദ്ധിപ്പിക്കേണ്ട നിരക്ക് കണക്കാക്കാൻ പ്രത്യേക ഫോർമുലയും നിർദ്ദേശിക്കുന്നുണ്ട്. ചട്ടഭേദ​ഗതിയുടെ കരടിൽ സംസ്ഥാനങ്ങളോട് കേന്ദ്ര ഊർജ്ജമന്ത്രാലയം അഭിപ്രായം തേടിയിരിക്കുകയാണ്. വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് കേന്ദ്രം ചട്ടഭേദഗതിയുമായി എത്തിയിരിക്കുന്നത്. നേരത്തേ വൈദ്യുതി നിയമ ഭേദഗതി ബിൽ വലിയ വിവാദമായിരുന്നു. 

കമ്പനികൾക്ക് നിരക്ക് വർദ്ധനവ് രണ്ട് മാസം വരെ വർദ്ധിപ്പിക്കാൻ ചട്ടം അനുമതി നൽകുന്നുണ്ട്. ഓ​ഗസ്റ്റിലെ വൈദ്യുതി വിതരണത്തിലെ അധികച്ചിലവ് ഒക്ടോബറിൽ ഈടാക്കാം. അധിക തുക താരിഫിന്റ് 20 ശതമാനത്തിലധികം വന്നാൽ മാത്രമാണ് ഇതിന് അനുമതി. സമയപരിധി കഴിഞ്ഞാൽ അധിക തുക പിന്നീട് ഈടാക്കാനാകില്ല. നിലവിൽ ഉപഭോ​ക്താക്കളിൽ നിന്ന് സർ ചാർജ് എന്ന പേരിലാണ് വൈദ്യുതി വിതരണത്തിലെ അധികച്ചാർജ് ഈടാക്കുന്നത്. 

Post a Comment

Previous Post Next Post