കൂരാച്ചുണ്ട് : ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണ മതിലിന്റെ കരിങ്കൽകെട്ട് തകർന്ന് വീട് അപകടാവസ്ഥയിൽ.
കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡ് പൂവത്താംകുന്ന് താമസിക്കുന്ന കർഷകൻ പ്ലാത്തോട്ടത്തിൽ ജോബിയുടെ വീടിന്റെ 15 അടി ഉയരവും ഇരുപത് മീറ്ററോളം നീളവുമുള്ള കരിങ്കൽ കെട്ടാണ് ശക്തമായ മഴയിൽ ഇന്നലെ പുലർച്ചെ തകർന്നത്.
റോഡിൽ നിന്നും ഏറെ ഉയരത്തിൽ നിൽക്കുന്ന വീടിനോട് ചേർന്ന് നിൽക്കുന്ന ശേഷിച്ച ഭാഗത്തും വിള്ളൽ സംഭവിച്ചതിനാൽ വീടും അപകടാവസ്ഥയിലാണുള്ളത്. ഇതേ തുടർന്ന് ഇവിടെ നിന്നും കുടുംബത്തെ മാറ്റി പാർപ്പിച്ചു. വൻ തുക ചെലവഴിച്ച് നിർമിച്ച കെട്ട് തകർന്നതോടെ കുടുംബം ഏറെ പ്രതിസന്ധിയിലാണുള്ളത്.
നാല് ലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കെട്ട് തകർന്ന് റോഡിൽ പതിച്ചതിനാൽ പുത്തേട്ട് താഴെ - പൂവത്താംകുന്ന്- മുത്താച്ചിപ്പാറ റോഡിൽ ഗതാഗതം തടസപ്പെട്ടു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട , വാർഡ് അംഗം സണ്ണി പുതിയകുന്നേൽ എന്നിവരും കായണ്ണ വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
