ചരക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ചുവരെ നീട്ടി. ജൂണിൽ അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നാലു വർഷംകൂടി സെസ് പിരിവ് തുടരും.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി വരുമാനത്തിൽ കുറവുണ്ടായതിനെതുടർന്ന് എടുക്കേണ്ടിവന്ന വായ്പകൾ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാർച്ചുവരെ പിരിവ് തുടരാൻ ധനമന്ത്രി നിർമല സീതാരാമന്റെ അധ്യതക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർ സൈക്കിളുകൾ, വിമാനം, ഉല്ലാസക്കപ്പൽ, ആഢംബര വാഹനങ്ങൾ എന്നിവയ്ക്കുമേലുള്ള അധിക ബാധ്യത ഇതോടെ തുടരും. വാറ്റ് പോലുള്ള നികുതികൾ ഏകീകരിച്ച് ജിഎസ്ടിക്കുകീഴിൽ കൊണ്ടുവന്നതിനെതുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് 2022 ജൂൺവരെ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞവർഷം സെപ്റ്റംബറിൽ ലക്നൗവിൽ ചേർന്ന ജിഎസ്ടി കൗൺസി തീരുമാനമെടുത്തിരുന്നു.
സെസ് വരുമാനത്തിൽ കോവിഡ് മൂലം ഗണ്യമായ കുറവുണ്ടായതോടെ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് വായ്പയെ ആശ്രയിക്കേണ്ടിവന്നു. 2020-21ൽ 1.1 ലക്ഷം കോടി രൂപയും 2021-22ൽ 1.59 ലക്ഷം കോടി രൂപയുമാണ് ഇതിനായി കേന്ദ്രം വായ്പയെടുത്തത്. 2021-22ലെ വായ്പയുടെ പലിശയിനത്തിൽ 7,500 കോടി കേന്ദ്രം തിരിച്ചടച്ചു. ഈ സാമ്പത്തിക വർഷം 14,000 കോടി നൽകേണ്ടതുണ്ട്. വായ്പാ മൂലധനത്തിന്റെ തിരിച്ചടവ് 2023-24 സാമ്പത്തിക വർഷമാണ് തുടങ്ങുക. 2026 മാർച്ചിൽ അവസാനിക്കുകയുംചെയ്യും.
2017 ജൂലായ് ഒന്നുമുതൽ ജിഎസ്ടി നടപ്പാക്കിയത്. അതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ചുവർഷം നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും അന്ന് നൽകിയിരുന്നു. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ 14ശതമാനം വളർച്ചയുണ്ടെങ്കിലും കോവിഡ് വ്യാപനത്തെതുടർന്ന് സെസിൽനിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. പ്രതിസന്ധി തരണംചെയ്യാനാണ് വായ്പയെടുത്ത് 2022 മെയ് 31വരെ സംസ്ഥാനങ്ങൾക്ക് നൽകേണ്ട മുഴുവൻ നഷ്ടപരിഹാരവും കൈമാറിയത്. ആഢംബര ഉത്പന്നങ്ങൾക്കും ചില തിരഞ്ഞെടുത്ത വസ്തുക്കൾക്കുംമാത്രമാണ് നഷ്ടപരിഹാര സെസ് ബാധകമായുള്ളത്.
Tags:
Latest