കോടഞ്ചേരി : സാഹസിക ടൂറിസം ഇന്ന് ലോകത്ത് ഏറ്റവും വളർച്ചയുള്ള ടൂറിസം മേഖലയാണ്. കേരളത്തിലും സാഹസിക ടൂറിസം മേഖല വളർച്ചയുടെ പാതയിലാണ്. കേരളത്തിൽ ഈ മേഖലയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കോഴിക്കോട്, ഇന്ത്യൻ കായാകിംഗ് ആൻഡ് കനോയിങ് അസോസിയേഷനുമായി (IKCA) ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ കയാക്കിംഗ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ.
2022 ആഗസ്റ്റ് മാസം 12,13,14 തീയതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്.
20 വിദേശ രാജ്യങ്ങളിൽ നിന്നായി 100 ൽ പരം അന്തർദേശീയ കയാക്കർമാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 ൽ പരം ദേശീയ കയാക്കർമാരേയും പ്രതീക്ഷിക്കുന്നു. കൂടാതെ കേരളത്തിൽ നിന്നുള്ള കയാക്കർമാരും മാറ്റുരയ്ക്കുന്നു.