ഭിന്നശേഷി സൗഹൃദ കോഴിക്കോട് എന്ന ആശയം മുൻനിർത്തി കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കുന്ന ഏഴു ദിന ക്യാമ്പയിനിന്റെ രണ്ടാം ദിനം "പരിണയം" പദ്ധതിയെ കുറിച്ചാണ്, ശാരീരിക വൈകല്യമുള്ള പെൺകുട്ടികൾക്കും ശാരീരിക വൈകല്യമുള്ള മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹ സഹായം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ ഒരു നവീന സംരംഭമാണ് പരിണയം. 2006 മാർച്ചിലാണ് പദ്ധതി മുന്നോട്ട് വച്ചത്. പിന്നീട്, 2007 മാർച്ചിൽ ഇത്തരത്തിൽ ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
അർഹത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
(a) അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടെ കുടുംബത്തിൻറെയും എല്ലാ ഇനത്തിലും കൂടിയുള്ള മൊത്തവരുമാനം 1,00,000/- രൂപയിൽ കൂടാൻ പാടില്ല.
(b) 2 പെൺമക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞ് ചുരുങ്ങിയത് 3 വർഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. 3 വർഷം എന്നത് ഇളവ് ചെയ്യുന്നതിനുള്ള അധിക്കാരം സാമൂഹ്യക്ഷേമ ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
(c) ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം വിവാഹം ചെയ്ത് അയയ്ക്കാൻ നിർദ്ദേശിക്കുന്ന പെൺകുട്ടിയ്ക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
(d) ഈ നിബന്ധനകൾ അനുസരിച്ചുള്ള സഹായധനം ഒരിക്കൽ ലഭിച്ചു കഴിഞ്ഞതിന് ശേഷം ഏതെങ്കിലും കാരണവശാൽ നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തേണ്ടിവരുകയും രണ്ടാമത് വിവാഹം അതേ പെൺകുട്ടിയ്ക്ക് കഴിക്കേണ്ടിവരികയും ആണെങ്കിൽ അത്തരത്തിലുള്ള രണ്ടാം വിവാഹത്തിനും സഹായധനം നൽകാവുന്നതാണ്. അങ്ങനെവരുമ്പോൾ മുൻഭർത്താവിൽ നിന്നും ലഭിക്കുന്ന കോമ്പൻസേഷനോ സംരക്ഷണചെലവോ കൂടി കണക്കിലെടുത്ത്കൊണ്ടാവണം കുടുംബവാർഷിക വരുമാനം കണക്കാക്കേണ്ടത്.
(e) അപേക്ഷകനായ ഭിന്നശേഷിക്കാരൻ പെൺമക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കിൽ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ പ്രസ്തുത ധനസഹായം ഈടിന്മേൽ നൽകാവുന്നതാണ്. കുടുംബത്തിൽ മറ്റ് അംഗങ്ങൾ ആരുംതന്നെ ഇല്ലാത്തപക്ഷം വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവർക്ക് തക്കതായ ഈടിന്മേൽ സഹായധനം നൽകാവുന്നതാണ്. ഇത് സംബന്ധിച്ച് വിവാഹിതയാകേണ്ട പെൺകുട്ടിയുടെ സമ്മതപത്രം കൂടി ആവശ്യമാണ്.
(f) അപേക്ഷകനായ ഭിന്നശേഷിക്കാരൻ തൻറെ മകളുടെ വിവാഹത്തിന് ശേഷം എന്നാൽ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോകുകയാണെങ്കിൽ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേൽ ധനസഹായം നൽകാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ മേൽ പറഞ്ഞ കുടുംബാംഗം/വ്യക്തി ധനസഹായം വാങ്ങുന്നതിന് ഉത്തരവാദിത്തപ്പെട്ട ആളാണെന്ന് വികലാംഗൻറെ മകളും വിവാഹിതയുമായ സ്ത്രീ ഒരു സാക്ഷ്യപത്രം നൽകേണ്ടതാണ്.
വീശദീകരണം:- ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധി ഇല്ലാത്ത വ്യക്തിയാണെങ്കിൽ പെൺകുട്ടിയുടെ കുടുംബത്തിലെ വിവാഹം നടത്തിയ്ക്കുവാൻ ഉതരവാദിത്തപ്പെട്ട മറ്റൊരു വ്യക്തിയ്ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതും തക്കതായ ഈടിന്മേൽ ധനസഹായം സ്വീകരിയ്ക്കാവുന്നതാണ്. ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധിയില്ലായെന്നതിന് മെഡിക്കൽ ബോർഡിൻറെ സാക്ഷ്യപത്രം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
(1) പദ്ധതി പ്രകാരമുള്ള ധനസഹായം ആവശ്യമുള്ള വികലാംഗർ ഈ നിബന്ധനകൾക്ക് അനുബന്ധമായി ചേർത്തിരിക്കുന്ന അപേക്ഷാ ഫോറത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
(2) വിവാഹത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിയ്ക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസത്തിന് മുംബെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദീകരണം:- എന്നാൽ വധു മുസ്ലിം സമുദായാംഗം ആണെങ്കിൽ നിക്കാഹ് എന്ന മതാചാരപ്രകാരമുള്ള ചടങ്ങിന് ശേഷം നടക്കുന്ന കല്യാണത്തിൻറെ തീയതിയാണ് അപേക്ഷയുടെ കാലാവധി നിശ്ചയിക്കുന്നതിന് കണക്കാക്കേണ്ടത്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ
1. റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2. വികലാംഗർക്കുള്ള ഐഡൻറിറ്റി കാർഡ്.
3. വധു വികലാംഗനായ അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് കോർപ്പറേഷൻ / മുൻസിപ്പാലിറ്റി/ പഞ്ചായത്തിൽ നിന്നും ഹാജരാക്കണം.
4. അപേക്ഷകന്റെ വരുമാനത്തെ സംബന്ധിച്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്.
5. വിവാഹം കഴിച്ചയയ്ക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ ജനനതീയതി തെളിയിക്കുന്നതിന് സ്കൂൾ അഡ്മിഷൻ രജിസ്റ്ററിന്റെയോ, സ്കൂൾ സർട്ടിഫിക്കറ്റിന്റെയോ പകർപ്പോ ബന്ധപ്പെട്ട ജനനമരണ രജിസ്റ്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റോ.
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ ചുവടെ കൊടുത്ത ഡ്രൈവ് ലിങ്ക് ഉപയോഗപ്പെടുത്താം.
https://drive.google.com/file/d/1nWIuUoPbyQ7ARiY4THE3ZfOtZ6uBHGsc/view?usp
കൂടുതൽ വിവരങ്ങൾക്ക് അന്വേണഷങ്ങൾക്ക്
ജില്ലാ സാമൂഹിക നീതി ഓഫീസ് കോഴിക്കോട്
ഫോൺ നമ്പർ : 0495 237 1911
Tags:
Latest