സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയിൽ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു. ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേരെയാണ് തിരഞ്ഞെടുക്കുക.
സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി സംരംഭകത്വ പരിശീലനവും ധൈര്യപൂർവം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്റ്റൈപ്പന്റ് നൽകും. മിനിമം യോഗ്യത പത്താം ക്ലാസ് പഠനം. 35നുമേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിലില്ലാത്തവർ എന്നിവർക്കു മുൻഗണന നൽകും.
തൊഴിലന്വേഷകരായ വനിതകൾക്കു സ്വന്തമായി യൂണിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ജില്ലകളിൽ ജൂണിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ വനിതാ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിൽ മേയ് 21നു മുമ്പായി സമർപ്പിക്കണം. വിവരങ്ങൾക്ക് www.kswdc.org, ഫോൺ: 0471-2454570/89.
