കോവിഡ് വാക്സിനേഷന് ആവശ്യമായത്ര വാക്സിൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കണം. 15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവാക്സിൻ, രണ്ടാം ഡോസെടുക്കാൻ സമയമായവർക്കുള്ള വാക്സിനേഷൻ ,പല കാരണങ്ങളാൽ ഇനിയും ഒന്നാം ഡോസെടുക്കാൻ കഴിയാത്തവർക്കുള്ള വാക്സിനേഷൻ എന്നിവയെല്ലാം സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്നതാണ്. കോവാക്സിൻ ആദ്യ ഡോസെടുത്ത് 28 ദിവസത്തിന് ശേഷവും കോവിഷീൽഡ് ആദ്യ ഡോസെടുത്ത് 84 ദിവസങ്ങൾക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റീവായവരെങ്കിൽ രോഗം ഭേദമായി 3 മാസത്തിന് ശേഷം വാക്സിനെടുക്കാം. രോഗം ബാധിച്ചാൽ തന്നെ ഗുരുതരമാകാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും വാക്സിനേഷനിലൂടെ കഴിയും.
എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 15 മുതൽ 18 വരെയുള്ളവർക്കുള്ള വാക്സിനേഷൻ ഉണ്ടായിരിക്കും. സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു മേജർ ആശുപത്രികളിലും ഞായർ, ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ വിഭാഗക്കാർക്കുള്ള വാക്സിനേഷൻ ഉണ്ടായിരിക്കും. ഓൺലൈനായി അപേക്ഷിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെയും വാക്സിനേഷൻ ലഭിക്കും. 18 വയസ്സിനു മുകളിലുളളവർക്ക് സ്പോട്ട് രജിസ്ട്രേഷൻ വഴി തിങ്കൾ മുതൽ ശനി വരെ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മേജർ ആശുപത്രികളിൽ നിന്നും വാക്സിനേഷൻ നടത്താം. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ , ബുധൻ , ശനി ദിവസങ്ങളിൽ ഈ വിഭാഗത്തിനുള്ള വാക്സിനേഷൻ
ലഭ്യമാണ്. സമ്പൂർണ്ണ വാക്സിനേഷനിലൂടെ ജില്ലയുടെ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് പൊതു ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാവണം
.