കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമ പഞ്ചയത്തിൽ 14 ആം വാർഡിൽ രാരോത്ത് മുക്കിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കെ കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലുള്ള ആദിദേവിനെ വി.ഫാം കർഷക സംഘടന ഭാരവാഹികൾ സന്ദർശിച്ചു.
മലബാർ വന്യജീവി സങ്കേതത്തിൽ നിന്നും 20 കി.മീറ്ററിലധികം ദൂരമുള്ള ഇവിടെ ഡിസംബർ 29 ന് പകൽ 11.30 മണിക്കാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്ന പറമ്പിലേക്ക് കാട്ടുപന്നി ഓടി കയറുകയും ആദിദേവിനെ തേറ്റ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമാണ് ചെയ്തത്. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും സർജറി കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. രാമല്ലൂർ എൽ.പി സ്ക്കൂളിലെ 3-ാം ക്ലാസ് വിദ്യാർത്ഥിയായ ആദിദേവിന്റെ മാതാപിതാക്കൾ കേരള പോലീസിൽ ജോലി ചെയ്തു വരികയാണ്.
തൊട്ടടുത്ത മേപ്പയ്യൂർ പഞ്ചായത്തിലെ കൂനം വള്ളിക്കാവ് എന്ന സ്ഥലത്തും കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു. വീട്ടിനുള്ളിൽ കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രണ്ട് കുട്ടികളെ 10 വയസ്സുകാരനായ റോബിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരുന്നു.
വർദ്ധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളിൽ നിന്നും ജീനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാറുകൾ തയ്യാറാവണം. കാട്ടുപന്നികളെ കേന്ദ്ര സർക്കാർ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്നും, ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാന സർക്കാറും , സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനും നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പ്രദേശത്തുള്ളവർക്ക് അനുമതി നൽകണമെന്നും വിഫാം ആവശ്യപ്പെട്ടു. വി.ഫാം ചെയർമാൻ ജോയി കണ്ണൻചിറ , അഡ്വ: സുമിൻ എസ്. നെടുങ്ങാടൻ, ജി ജൊ വട്ടോത്ത്, രാജു പൈകയിൽ , ബാബു പുതുപ്പറമ്പിൽ ,സണ്ണി കൊമ്മറ്റം എന്നിവരാണ് ആദിദേവിനെ സന്ദർശിച്ചത്.