Trending

കൂരാച്ചുണ്ട് പൊതുശ്മശാനം: സ്ഥലം നിർണയിച്ചു



 
*കൂരാച്ചുണ്ട്* : പഞ്ചായത്ത് പതിനൊന്നാം വാർഡ് വട്ടച്ചിറ പൊന്നുണ്ടമലയിലെ രണ്ടേക്കർ നിർദിഷ്ട ശ്മശാനഭൂമിയിൽ ശ്മശാനം നിർമിക്കുന്നതിനാവശ്യമായ 25 സെൻറ് സ്ഥലം നിർണയിച്ചു. പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവകക്ഷി സംഘത്തിന്റെ സാന്നിധ്യത്തിലാണ് സ്ഥലം നിർണയിച്ചത്.

കൂരാച്ചുണ്ട് പഞ്ചായത്തിൽ പൊതുശ്മശാനത്തിനായുള്ള സമരങ്ങൾ വർഷങ്ങളായി നടക്കുന്നു. സർക്കാർ അനുവദിച്ച വട്ടച്ചിറഭൂമിയിൽ പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർമാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. പ്രദേശവാസികൾ ഫയൽചെയ്ത കേസിൽ, പഞ്ചായത്തിരാജ് ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നിർദ്ദിഷ്ടഭൂമിയിൽ ശ്മശാനം നിർമിക്കാമെന്ന്‌ കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി ഉത്തരവായതിനെത്തുടർന്നാണ് നിർമാണത്തിനായി സ്ഥലം നിർണയിച്ചത്. ചൊവ്വാഴ്ച ഭൂമി അളന്നുതിട്ടപ്പെടുത്താൻ സർവകക്ഷി യോഗം ചേർന്ന്‌ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, ഭൂമി നിർണയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അടുത്തദിവസംതന്നെ താലൂക്ക് സർവേയറെത്തി ഭൂമിയിൽ സർവേ നടത്തുമെന്നും പദ്ധതി തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി അസിസ്റ്റൻറ് എൻജിനിയറെ ചുമതലപ്പെടുത്തിയതായും പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട അറിയിച്ചു. പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി കെ. അബ്ദുറഹീം, അസി.സെക്രട്ടറി ബിജു, അസി.എൻജിനിയർ രജീഷ് കുമാർ, വില്ലേജ് ഓഫീസർ ഗിരീഷ് കുമാർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, അംഗങ്ങളായ സിമിലി ബിജു, വിജയൻ കിഴക്കേമീത്തൽ, സർവകക്ഷി പ്രതിനിധികളായ ഒ.ഡി. തോമസ്, എ.കെ. പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post