*ഉള്ളിയേരി:* റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ കൊയിലാണ്ടി-താമരശ്ശേരി-മുക്കം- അരീക്കോട് റോഡ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ഉള്ളിയേരി അങ്ങാടിയിലുള്ള പാലം ബുധനാഴ്ച പൊളിച്ചുതുടങ്ങും.
പുതിയപാലം നിർമിക്കാൻവേണ്ടിയാണ് പൊളിക്കുന്നത്.
നിർമാണം നടത്തുന്ന തിരുവനന്തപുരം ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനിയുടെ സർവേവിഭാഗം ചൊവ്വാഴ്ച അടയാളപ്പെടുത്തൽ നടത്തി. പാലം പൊളിക്കുന്ന ജോലി നടക്കുന്നതുകൊണ്ട് ചൊവ്വാഴ്ചമുതൽ റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
നിലവിലുള്ള അതേനീളത്തിലും വീതിയിലുമാണ് പുതിയപാലം പണിയുന്നത്. വശങ്ങളിൽ കൈവരിയോ പാരപ്പറ്റോ നിർമിക്കും.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തിൽ തകർക്കപ്പെട്ടതിനുശേഷം പുനർനിർമിച്ച ഉള്ളിയേരി പാലം പൊളിക്കാനൊരുങ്ങുന്നത് വികാരത്തോടു കൂടിയാണ് നാട്ടുകാർ കാണുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിൻനിന്ന് ജന്മനാടിനെ മോചിപ്പിക്കാൻ നടത്തിയ പോരാട്ടത്തിന്റെ സ്മാരകം ഇല്ലാതാകുന്നതാണ് അവരെ നൊമ്പരപ്പെടുത്തുന്നത്.
1942 ഓഗസ്റ്റ് 19-ന് രാത്രി ഏഴുമണിക്കാണ് താമരശ്ശേരി-കൊയിലാണ്ടിപാതയിലെ മരപ്പാലം സമരഭടൻമാർ ചേർന്ന് തകർത്തത്. ബ്രിട്ടീഷുകാർക്കെതിരേ കേരളത്തിൽ രജിസ്റ്റർചെയ്ത ആദ്യത്തെ അട്ടിമറി സംഭവമായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഗതാഗതം തടസ്സപ്പെടുത്താൻ വേണ്ടി വെട്ടിയും ഈർന്നുമാണ് തകർത്തത്. കണ്ടുനിന്നവരും ആവേശത്തോടെ പങ്കാളികളായി. തീവണ്ടി ഓടിക്കാനും മറ്റുമായി പശ്ചിമഘട്ടത്തിലെ മരങ്ങൾ കത്തിച്ചുണ്ടാക്കിയ കരി ഉള്ളിയേരിയിലൂടെ കൊണ്ടുപോകുന്നത് തടയുകയായിരുന്നു പ്രക്ഷോഭകരുടെ ലക്ഷ്യം.
നിലവിലുള്ള പാലത്തിന് 70 വർഷത്തിലധികം പഴക്കമുണ്ട്.
പാലം പുനർ നിർമിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സ്മാരകം രൂപകല്പന ചെയ്ത് നിർമിക്കണമെന്ന് സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബം ആഗ്രഹിച്ചിരുന്നു. ഇതുസംബന്ധിച്ച നിവേദനം എം.പി., എം.എൽ.എ., ജില്ലാ കളക്ടർ എന്നിവർക്ക് നൽകി സ്മാരകത്തിനുവേണ്ടി കാത്തിരിക്കയാണ് കുടുംബം. റോഡ് നിർമാണ അടങ്കലിൽ പാലം മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ എന്നാണ് കണ്ണൂരിലെ കെ.എസ്.ടി.പി. ഓഫീസ് അധികൃതർ പറയുന്നത്.