കോഴിക്കോട്: ജില്ലയിൽ സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, അഞ്ചാംപനി എന്നിവയും വ്യാപകമാകുന്നു. തണുപ്പേറിയ കാലാവസ്ഥയും മഴയും വെയിലും ഇടവിട്ടെത്തുന്നതുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണം. രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച രോഗവ്യാപനം രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്.
*പനിയും വയറിളക്കവും പടരുന്നു.*
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ മാസം ഒന്ന് മുതൽ 26 വരെ 16,528 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽ മാത്രം ദിനംപ്രതി ആയിരത്തോളം പേർ ചികിത്സയ്ക്കെത്തുന്നുണ്ട്. ഇതിനുപുറമെ, സർക്കാർ ആശുപത്രികളിലെ കണക്കുപ്രകാരം മാത്രം ഈ മാസം 3,306 പേർ വയറിളക്ക രോഗത്തിന് ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ഉൾപ്പെടുത്തിയാൽ രോഗികളുടെ എണ്ണം ഇതിലും എത്രയോ കൂടുതലാകും.
*ഡെങ്കിപ്പനി ആശങ്ക ഒഴിയുന്നില്ല*
ഇടവിട്ടുള്ള മഴയെത്തുടർന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഡെങ്കിപ്പനി വ്യാപനം വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഈ മാസം നൂറ്റമ്പതോളം പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 385 പേർ ചികിത്സ തേടുകയും ചെയ്തു.
സാധാരണഗതിയിൽ കാലവർഷം കഴിയുന്നതോടെ ഡെങ്കിപ്പനി കുറയേണ്ടതാണെങ്കിലും, ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലും മഴ തുടരുന്നത് രോഗവ്യാപന സാധ്യത ഇനിയും വർധിപ്പിക്കുകയാണ്.
*അഞ്ചാംപനിയിലും മുന്നിൽ കോഴിക്കോട്*
ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) വ്യാപനവും ആരോഗ്യവകുപ്പിന് തലവേദനയാകുന്നുണ്ട്. ഒരു മാസത്തിനിടെ 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ മാത്രം 78 പേർക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് അഞ്ചാംപനി റിപ്പോർട്ട് ചെയ്തിരിക്കുന്നതും കോഴിക്കോട് ജില്ലയിലാണ്.
Tags:
latest