കൂരാച്ചുണ്ട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ചു.
കേന്ദ്രസർക്കാർ പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല കരട് വിജ്ഞാപനത്തിലെ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. ഇ.എസ്.എ. പരിധിയിൽനിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണം. കൂരാച്ചുണ്ട് ട്രഷറി കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കണം.
കൂരാച്ചുണ്ട് സി.എച്ച്.സിയിൽ 24 മണിക്കൂർ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യവുമായാണ് ആരോഗ്യമന്ത്രി കെ. മുരളീധരനെ സന്ദർശിച്ചത്. കൂരാച്ചുണ്ട് വില്ലേജിലെ കർഷകരുടെ ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായുള്ള പ്രശ്നങ്ങൾ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ശ്മശാന നിർമാണം തുടങ്ങുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കുന്നതിന് കിഫ്‌ബി, ഇംപാക്ട് കേരള ഉദ്യോഗസ്ഥരെ സന്ദർശിച്ചു.
ബ്ലോക്ക് മെമ്പർ അരുൺ ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, യു.ഡി.എഫ്. കൺവീനർ ഒ. കെ. അമ്മദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.