മാനവികമായ ഇടപെടലിലൂടെ വനം വകുപ്പിന് ജനകീയ മുഖം സമ്മാനിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥന് മലയോരത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്. സൈലന്റ് വാലി നാഷണൽ പാർക്കിലേക്ക് സ്ഥലം മാറിപ്പോകുന്ന കക്കയം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിജിത്തിന് ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
2022 മുതൽ കക്കയത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്നു വിജിത്ത്. 1994ൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വിവിധ റേഞ്ചുകളിലെ സേവനത്തിന് ശേഷമാണ് കക്കയത്ത് എത്തിയത്.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് നിരന്തരമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു വിജിത്ത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ സൗരോർജ തൂക്കുവേലി കൊണ്ടുവരുന്നതിനും വനം വകുപ്പുമായി ബന്ധപ്പെട്ട എൻ.ഒ.സി എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു.
കൃത്യമായ പ്ലാനിങ്ങോടെ കാര്യങ്ങൾ ക്രമീകരിക്കാൻ അസാമാന്യ പാടവം ഇദ്ദേഹത്തിനുണ്ടായിരുന്നു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ജനപക്ഷത്തുനിന്ന് പ്രവർത്തിച്ചതാണ് ഇദ്ദേഹത്തെ ജനങ്ങൾക്ക് പ്രിയങ്കരനാക്കിയത്.
തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ് 51കാരനായ വിജിത്ത്. ഭാര്യ: ലിനി. മകൻ: അൻവിൻ.