Trending

_സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കാൻ ആലോചന; രാവിലെ 11 മുതൽ രാത്രി 11 വരെ



*_തിരുവനന്തപുരം_* : സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുമായുള്ള ചർച്ചകൾ ഈ മാസം 23 മുതൽ 28 വരെ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായാണ് ബാറുകളുടെ സമയം കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലേക്ക് വന്നത്. 

നിലവിൽ രാവിലെ 10 മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ, ഈ സമയക്രമം ജീവനക്കാർക്ക് കടുത്ത ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർ തൊഴിലാളി സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, രാത്രി വൈകി ബാറുകൾ അടച്ച് മടങ്ങുമ്പോൾ പുലർച്ചെ രണ്ട് മണിയോളമാകുമെന്നും, ഇത് തങ്ങളുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പരാതി.

കൂടാതെ, ബാറുകളുടെ സമയം രാത്രി 12 മണി വരെ നീട്ടിയതിന് ശേഷം ബാറുകൾ കേന്ദ്രീകരിച്ച് ക്രമസമാധാന പ്രശ്നങ്ങളും അടിപിടികളും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായി ആഭ്യന്തര വകുപ്പും സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സമുദായ സംഘടനകളും സമയം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായം കേട്ട ശേഷം മുന്നണിതലത്തിലും പാർട്ടിക്കുള്ളിലും ചർച്ച നടത്തി മാത്രമായിരിക്കും മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുക. ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന അനുവദിക്കുന്നതും മദ്യനികുതി ഘടനയിൽ മാറ്റം വരുത്തുന്നതും ഉൾപ്പെടെ പുതിയ മദ്യനയത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.

Post a Comment

Previous Post Next Post