ബത്തേരി: യാത്ര സൗജന്യമായപ്പോൾ ഗുണ്ടൽപേട്ടിലേക്ക് പ്രിയദർശിനി ബസിൽ കയറിപ്പറ്റാൻ ബത്തേരിയിലെ സ്ന്റാൻഡിലേക്ക് സ്തീകളുടെ കുത്തൊഴുക്ക്.
`വയനാട്ടിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ പേർ എത്തുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന്.`
ബത്തേരിയിൽ വണ്ടിയിറങ്ങി ഗുണ്ടൽപേട്ടിലേക്കുള്ള ബസിൽ കയറി വച്ചുപിടിക്കുകയാണ് പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ കൂട്ടത്തോടെ സ്ത്രീജനം. യാത്ര തുടങ്ങിയാൽ തിരികെ വരും വരെ ബസിൽ നിന്ന് ഇറങ്ങാത്തവരുമുണ്ട് ഏറെ.
140 പേർ വരെ പലപ്പോഴും ബസിൽ കയറുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. തങ്ങൾ പലപ്പോഴും ‘എയറി’ലാണെന്നാണ് കണ്ടക്ടർമാരുടെ പരാതി.
തിങ്ങിനിറഞ്ഞ യാത്രക്കാർ നിമിത്തം കനം തൂങ്ങിയോടുന്ന ബസിനു വർക്‌ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരമില്ലെന്ന് കണ്ടക്ടർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ബസ് ടയർ പൊട്ടി വഴിയിൽ കിടന്നു. പല ബസുകളുടെയും ജോയിന്റും പൊട്ടുകയാണ്.
കാൽ ലക്ഷം രൂപ വരെയാണ് ഇപ്പോൾ ഓരോ ബസിന്റെയും കലക്ഷൻ. എന്നാൽ കയ്യിൽ കിട്ടുന്നത് ശരാശരി 4000 രൂപ മാത്രം. ബാക്കിയെല്ലാം സൗജന്യയാത്രയുടെ തുകയാണ്. അത് സർക്കാരിൽ നിന്ന് കിട്ടേണ്ട പണമാണ്. 50 പേരെ ഇരുത്തിയും 20 പേരെ നിർത്തിയും കൊണ്ടുപോകാവുന്നിടത്താണ് ഇരട്ടിയാളുകൾ കയറുന്നത്.
എതിർപ്പു പറഞ്ഞാലും പലരും ഗൗനിക്കാറില്ല. ഇത്രയും ആളെ കയറ്റി പോകുന്നത് അപകട സാധ്യതയും വർധിപ്പിക്കും.
*ആകെ 3 ബസുകളാണ് ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിന് ഓടുന്നത്.*
രാവിലെ 06:00, 07:00, 09:00,10:20,12:00, ഉച്ചയ്ക്ക് 01:00, 02:20, വൈകിട്ട് 04:20 എന്നീ സമയങ്ങളിലാണ് ബത്തേരിയിൽ നിന്ന് ട്രിപ്പുകളുള്ളത്.
ബത്തേരിയിൽ നിന്ന് പുറപ്പെട്ട് 13 കിലോമീറ്റർ പിന്നിട്ടാൽ മുത്തങ്ങയെത്തും. പിന്നെ 7 കിലോമീറ്റർ വയനാട് വന്യജീവി സങ്കേതവും 19.5 കിലോമീറ്റർ ബന്ദിപ്പൂർ കടുവാ സങ്കേതവുമാണ് കാടു കഴിഞ്ഞാൽ ഗുണ്ടൽപേട്ട ടൗൺ വരെയുള്ള 15 കിലോമീറ്റർ പൂപ്പാടങ്ങളും മറ്റും നിറഞ്ഞ കൃഷിയിടങ്ങളാണ്. ഇപ്പോൾ ട്രെൻഡായ മുന്തിരിത്തോട്ടവുമുണ്ട്. ഈ 15 കിലോമീറ്ററിൽ 6 സ്റ്റോപ്പുകളാണുള്ളത്. ഈ സ്റ്റോപ്പുകളിലൊക്കെ ഇറങ്ങി തിരികെ കയറിയാണ് യാത്ര ആസ്വദിക്കുന്നത്. എന്നാൽ ചിലർ ബസിൽ നിന്ന് ഇറങ്ങാറേയില്ല. കാഴ്ച കണ്ട് സീറ്റിൽ തന്നെ ഇരിക്കും. കഴിഞ്ഞ ദിവസം യാത്രക്കാരിൽ 35 പേർ ബസിൽ തന്നെ ഇരുന്നെന്നും ഗുണ്ടൽപേട്ട ബസ് സ്റ്റാൻഡിൽ ഇറങ്ങാതെ തിരികെ ബത്തേരി വരെ യാത്ര തുടർന്നെന്നും കണ്ടക്ടർ പറയുന്നു. ഗുണ്ടൽപേട്ടിനുള്ള യാത്ര സുഗമമാകണമെങ്കിൽ ഒരു 100 ട്രിപ്പെങ്കിലും ഓടിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Tags:
latest