Trending

യാത്രയ്ക്കിടെ ബുക്ക് ചെയ്യാം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തുമ്പോൾ ചിക്കൻ കിട്ടും



ആനവണ്ടിയിൽ ചിക്കൻ! ബസ് യാത്രയ്ക്കിടെ ചിക്കൻ കഴിക്കാൻ തോന്നിയാൽ അതിനും വഴി ഒരുങ്ങുന്നു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഫ്രൈഡ് ചിക്കനും അനുബന്ധ ഭക്ഷണ കൗണ്ടറും ഉടൻ തുടങ്ങും. വെജിറ്റേറിയൻ ഭക്ഷണവും ഇതോടനുബന്ധിച്ച് നൽകും.

ഫോണിൽ ബുക്കിങ്, സ്റ്റാൻഡിൽ സെർവിങ്
യാത്ര ചെയ്യുന്ന അവസരത്തിൽ ബസിനുള്ളിൽ വച്ച് ചിക്കനും മറ്റ് ഇനങ്ങളും ഓർഡർ ചെയ്യാം. ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും വിഭവം റെഡി. ജില്ലയിലെ ആദ്യ സംരംഭമാണ് ഇത്. സംസ്ഥാനത്തെ ഒൻപതാമത്തെ കൗണ്ടറും. ബസിൽ എത്തുന്ന യാത്രികർക്ക് പെട്ടെന്നു കണ്ടുപിടിക്കാൻ സൗകര്യത്തിൽ ബസ് സ്റ്റാൻഡിൽ പ്രധാന വഴികളോടു ചേർന്ന് റോഡരികിലാണ് കോട്ടയത്തെ കൗണ്ടർ. കെഎസ്ആർടിസിയുടെ സഹകരണത്തോടെ 5 ചെറുപ്പക്കാർ ചേർന്നു നടത്തുന്ന സ്റ്റാർട്ടപ് സംരംഭമായ ‘റെയിൽ റോൾസ് കെഎസ്ആർടിസി എഡിഷന്റെ’ ഭാഗമാണ് കൗണ്ടർ. ‘ഹാൻഡ് വാഷ് ഫ്രീ’യും കൂടുതൽ വൃത്തിയുമുള്ള ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. 44 മുതൽ 180 രൂപ വരെയുള്ള വിലയിൽ ഭക്ഷണ ഇനങ്ങൾ ലഭിക്കും. കോംബോ ഓഫറും ഉണ്ട്.

എറണാകുളത്തും കോഴിക്കോടും റെയിൽവേ സ്റ്റേഷനോടു ചേർന്നും തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, കോട്ടയം, ആലുവ എന്നിവിടങ്ങളിൽ കെഎസ്ആർടിസിയോടു ചേർന്നുമാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ഹ്രസ്വ – ദീർഘ ദൂരയാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്താൽ നിർദിഷ്ട ബസ് സ്റ്റാൻഡിൽ ഭക്ഷണം നൽകുന്ന സംസ്ഥാനതല പദ്ധതിയാണ് ഇത്. കൂടുതൽ സ്റ്റാൻഡുകളിൽ വൈകാതെ കൗണ്ടർ തുറക്കും. കെ.ബി.ഗണേഷ് കുമാർ മന്ത്രിയായിരിക്കെ കെഎസ്ആർടിസിയും സ്റ്റാർട്ടപ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കൗണ്ടറുകൾ നടത്തുന്നത്.

രാവിലെ 8 മുതൽ രാത്രി 12 വരെ
കെഎസ്ആർടിസിയുടെ പ്രീമിയം ബസുകളിൽ ഉൾപ്പെടെ കടയുടെ ക്യുആർ കോഡ് പതിക്കും. ഇത് സ്കാൻ ചെയ്ത് യാത്രക്കാർക്ക് ഓർഡർ ചെയ്യാം. തൊട്ടടുത്ത ബസ് സ്റ്റാൻഡിൽ ഭക്ഷണം എത്തിച്ചു നൽകും. നിശ്ചിത ശതമാനം വിലക്കിഴിവും ഉണ്ടാകും. കെഎസ്ആർടിസിക്കും ചെറിയ തോതിൽ വരുമാനം ലഭിക്കും വിധമാണ് പദ്ധതി. രാവിലെ 8 മുതൽ രാത്രി 12 വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.


Post a Comment

Previous Post Next Post