Trending

വാണിമേലിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി





*വാണിമേൽ:* വാണിമേൽ ഉരുട്ടി ഭാഗത്ത് പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുപി സ്വദേശി നിഗം കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലാണ് ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിന്നിലായി പുഴയിൽ നിന്ന് മൃതദേഹം ലഭിച്ചത്.

നാദാപുരത്ത് വർക്ക്ഷോപ്പ് ജീവനക്കാരനാണ് നിഗം. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം പുഴയിൽ എത്തിയതായിരുന്നു. ഈ സമയം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടു.

ഫയർഫോഴ്സും എൻഡിആർഎഫ്, ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളും, സിവിൽ ഡിഫൻസ് ടീമും ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ നാട്ടുകാരുടെ നേതൃത്വത്തിലുള്ള തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

വിലങ്ങാട് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുന്നറിയിപ്പുകൾ അവഗണിച്ച് പുഴയിലും വനത്തിലും ഇറങ്ങുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

 പുഴയുമായി നിത്യബന്ധമുള്ള നാട്ടുകാരുടെ അനുഭവ സമ്പത്തും ജാഗ്രതയും നിഗമിന്റെ മൃതദേഹം കണ്ടെത്താൻ നിർണ്ണായകമായി. ഒടുവിൽ ഉരുട്ടി പാലത്തിന് സമീപത്തെ കൂറ്റൻ മരത്തിന്റെ വേരുകൾക്കിടയിൽ നിന്നാണ് നിഗമിന്റെ മൃതദേഹം കണ്ടെടുത്തത്.

പൂവത്തലത്തിൽ ടോമിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ബുധനാഴ്ച രാവിലെ ഒമ്പതോടെ ഉരുട്ടി പാലത്തിന് സമീപം പരിശോധന ആരംഭിച്ചത്. ഒരു മണിക്കൂറോളം പുഴയിൽ തിരച്ചിൽ നടത്തിയിട്ടും യാതൊരു സൂചനയും ലഭിക്കാതിരുന്നതിനെ തുടർന്ന് സംഘം കരയിലേക്ക് കയറാൻ തയാറെടുക്കുകയായിരുന്നു.

ഇതിനിടയിലാണ് പുഴയെ രണ്ടായി പിരിക്കുന്ന കൂറ്റൻ മരത്തിന്റെ അടുത്തേക്ക് ടോമിയും സംഘവും എത്തിയത്. മരത്തിന്റെ വേരുകൾക്കിടയിൽ എന്തോ വെള്ളത്തിൽ ഇളകുന്നത് ശ്രദ്ധയിൽപ്പെട്ട ടോമി നടത്തിയ സൂക്ഷ്മപരിശോധനയിലാണ് കൈയുടെ നേരിയൊരു ഭാഗം പുറത്തേക്ക് കണ്ടത്. ശരീരം മുഴുവൻ വേരുകൾക്കിടയിൽ കുരുങ്ങിപ്പോയ അവസ്ഥയിലായിരുന്നു. തുടർന്ന് മറ്റ് സംഘാംഗങ്ങളെ കൂടി വിളിച്ചുവരുത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഒരു നിമിഷത്തെ നോട്ടപ്പിശക് സംഭവിച്ചിരുന്നെങ്കിൽ മൃതദേഹം കണ്ടെത്താനാകാതെ തിരച്ചിൽ അനന്തമായി നീളുമായിരുന്നു.

പൂവത്തലത്തിൽ ടോമിക്കൊപ്പം സെബിച്ചൻ വിലങ്ങാട്, ആൽബിൻ (കൂരാച്ചുണ്ട്), 
ആന്റമാനിൽ സ്ക്രൂബാ ട്രെയിനറായ മെൽബിൻ (കൂരാച്ചുണ്ട്), ജിജോ വലിയമറ്റം, സജി പാലോലിൽ, നിധിൻ മുണ്ടംകണ്ടം, അഭിലാഷ് ഉരുട്ടി എന്നിവരാണ് ഈ രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്

Post a Comment

Previous Post Next Post