ട്രാഫിക് നിയമങ്ങൾ സ്ഥിരമായി ലംഘിക്കുന്നവരാണെങ്കിൽ സൂക്ഷിച്ചോ, എട്ടിന്റെ പണിവരുന്നുണ്ട്. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മോട്ടോർ വാഹന നിയമത്തിൽ ഇതിനായി വലിയ ഭേദഗതികൾ വരുത്താനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരുങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി നിർദേശങ്ങൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിച്ചേക്കും.
പിഴയൊടുക്കിയത് കൊണ്ടായില്ല, ചലാൻ ഹിസ്റ്ററി വില്ലനാകും
നിലവിൽ ട്രാഫിക് ക്യാമറകളിൽ കുടുങ്ങിയാലോ പൊലീസ് പിടിച്ചാലോ പിഴയൊടുക്കി രക്ഷപ്പെടാം എന്നതായിരുന്നു അവസ്ഥ. എന്നാൽ ഇനി അങ്ങനെ രക്ഷപ്പെടാൻ പറ്റില്ല. നിങ്ങളുടെ പേരിലുള്ള ഇ-ചലാൻ വിവരങ്ങൾ ഡാറ്റാബേസിൽ കുന്നുകൂടിക്കിടക്കും. തുടർച്ചയായി നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് തനിയെ പുതുക്കി നൽകില്ല. റോങ് സൈഡ് ഡ്രൈവിങ്, അമിതവേഗം, റെഡ് ലൈറ്റ് ലംഘനം എന്നിവ സ്ഥിരമാക്കുന്നവർ ഇനി ലൈസൻസ് പുതുക്കാൻ വീണ്ടും ആർ.ടി.ഓഫീസിൽ കയറിയിറങ്ങി ടെസ്റ്റ് പാസാകേണ്ടി വരും. ക്ലോൺ ചെയ്ത നമ്പർ പ്ലേറ്റുകൾ, വാഹനം മറ്റൊരാൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന പിഴ എന്നിവയിൽ നിരപരാധികൾക്ക് ആശ്വാസം നൽകാനുള്ള അപ്പീൽ സംവിധാനവും പുതിയ നിയമത്തിനൊപ്പം ഉണ്ടാകും.
നഷ്ടപരിഹാരം വേഗത്തിലാക്കും
റോഡപകടങ്ങളിൽപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുന്ന മറ്റൊരു ഭേദഗതിയും മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്. നിലവിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ നിന്നുള്ള അന്തിമ വിധി വരാൻ വർഷങ്ങളെടുക്കും. അതുവരെ ഇരകൾക്ക് കാത്തിരിക്കേണ്ടി വരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ, കേസിലെ അന്തിമ വിധി വരുന്നതിന് മുൻപ് തന്നെ കോടതിക്ക് ഉചിതമെന്ന് തോന്നുന്ന 'ഇടക്കാല നഷ്ടപരിഹാരം' (Interim Compensation) നൽകാൻ ട്രൈബ്യൂണലുകൾക്ക് അധികാരം ലഭിക്കും. അപകടത്തിൽ കുടുംബത്തിന്റെ നാഥൻ നഷ്ടപ്പെടുന്നവർക്ക് വലിയ സാമ്പത്തിക താങ്ങായി മാറും ഈ തീരുമാനം.
ഇൻഷുറൻസ് പ്രീമിയം കൂട്ടും; തമാശയ്ക്ക് അപ്പീൽ നൽകിയാൽ കീശ ചോരും
ഇൻഷുറൻസ് തുക നിശ്ചയിക്കാനുള്ള അധികാരം ഐ.ആർ.ഡി.എ.ഐക്ക് തിരികെ നൽകാനും ശുപാർശയുണ്ട്. വാഹനത്തിന്റെ പഴക്കവും ഡ്രൈവറുടെ ട്രാഫിക് നിയമലംഘനങ്ങളുടെ ചരിത്രവും നോക്കിയാകും ഇനി ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുക. മര്യാദയ്ക്ക് വണ്ടിയോടിക്കുന്നവർക്ക് കുറഞ്ഞ പ്രീമിയവും, നിയമം ലംഘിക്കുന്നവർക്ക് വൻ തുകയും ഈടാക്കാനാണ് നീക്കം. മാത്രമല്ല, ട്രൈബ്യൂണൽ വിധിക്കുന്ന നഷ്ടപരിഹാര തുകയ്‌ക്കെതിരെ ഇൻഷുറൻസ് കമ്പനികളോ മറ്റോ മനഃപൂർവം അപ്പീൽ നൽകി കേസ് നീട്ടിക്കൊണ്ടുപോകുന്ന പരിപാടിയും ഇനി നടക്കില്ല. അപ്പീൽ നൽകാൻ കെട്ടിവയ്ക്കേണ്ട തുക നിലവിലെ 25,000 രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്താനാണ് ശുപാർശ. ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായും ഉയർത്തും. നിയമ ഭേദഗതികൾ നിലവിൽ വരുന്നതോടെ ഇന്ത്യയിലെ ഗതാഗത നിയമലംഘകർക്ക് പിടിവീഴുമെന്നുറപ്പാണ്. കേവലം പിഴയൊടുക്കലിൽ ഒതുങ്ങാതെ, വലിയ സാമ്പത്തിക ബാധ്യതയും ഡ്രൈവിങ് അവകാശം തന്നെ നഷ്ടപ്പെടുന്നതുമായ കർശന നടപടികളിലേക്കാണ് രാജ്യം നീങ്ങുന്നത്.
Tags:
latest