തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ അനധികൃതമായി ഇരുന്ന് യാത്ര ചെയ്യുകയും, അവര്‍ കയറുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി. മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പൊതുയാത്രകളില്‍ പാലിക്കേണ്ട സാമൂഹിക മര്യാദകളെക്കുറിച്ച് യാത്രക്കാരില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കാനുമാണ് നടപടി ശക്തമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി മിന്നല്‍ പരിശോധന വിഭാഗം നടത്തിയ പരിശോധനകളിലാണ് അര്‍ഹരായവര്‍ക്ക് സീറ്റ് നല്‍കാതെ നിയമലംഘനം നടത്തിയ യാത്രക്കാരെ കണ്ടെത്തി സ്‌പോട്ട് ഫൈന്‍ ഈടാക്കിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന മുതിര്‍ന്ന പൗരന്മാര്‍ ബസ്സില്‍ ദീര്‍ഘസമയം നിന്നു യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് കര്‍ശന നടപടികളിലേക്ക് കടന്നതെന്നും അധികൃതര്‍ പറഞ്ഞു. ബസ്സുകളുടെ ആദ്യ നിരകളിലായി മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി സീറ്റുകള്‍ പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴും മറ്റു യാത്രക്കാര്‍ ഇത് പാലിക്കാറില്ലെന്ന പരാതി വ്യാപകമാണെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി.
നടപടിക്ക് പൊതുജനങ്ങളില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റൂട്ടുകളിലും കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പിഴ ഈടാക്കുന്നതിനൊപ്പം ആവശ്യമെങ്കില്‍ നിയമലംഘകരെ ബസ്സില്‍ നിന്ന് ഇറക്കിവിടുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ കര്‍ശന നടപടികളും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങളില്‍ സഹയാത്രികരോടുള്ള മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പ്രകടിപ്പിച്ചു.
Tags:
latest