ന്യൂഡൽഹി: ഗതാഗതനിയമലംഘനം പതിവാക്കിയവരുടെ ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ.
ഗുരുതര ഗതാഗത നിയമലംഘനത്തിന് നിശ്ചിത തവണയിലേറെ പിഴചുമത്തപ്പെട്ട ഡ്രൈവർമാർക്കാവും വീണ്ടും ടെസ്റ്റ് വേണ്ടിവരുക. ഇതിനായി മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ അനൗപചാരിക മന്ത്രിതല സമിതിക്ക് മുന്നിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഏതൊക്കെ തരം നിയമലംഘനങ്ങളാണ് ലൈസൻസ് പുതുക്കുമ്പോൾ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമാക്കാൻ പരിഗണിക്കുകയെന്ന് വ്യക്തമല്ല. നിയമഭേദഗതിക്കുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രം റിപ്പോർട്ട് ചെയ്തു.
വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനും ഭേദഗതിയിൽ നിർദേശമുണ്ടെന്നാണ് സൂചന.
അങ്ങനെയെങ്കിൽ നഷ്ടപരിഹാര അപേക്ഷകൾ അന്തിമമായി തീർപ്പാക്കുംവരെ കാത്തിരിക്കാതെ ഉചിതമായ ഇടക്കാല നഷ്ടപരിഹാരം നൽകാൻ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലുകൾക്ക് അധികാരംനൽകും.
Tags:
latest