സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണ സമ്മാനമായി ഡിഫറന്‍ഷ്യല്‍ അലവന്‍സ് (ഡി.എ) വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഓണക്കാലത്തെ അധികച്ചെലവുകള്‍ മുന്നില്‍ക്കണ്ട് ജീവനക്കാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ രണ്ട് ശതമാനം ഡി.എ വര്‍ധനയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തോടൊപ്പം പുതിയ ഡി.എ ജീവനക്കാരുടെ കൈകളിലെത്തിക്കാനാണ് നീക്കം. ഇത്തവണ ഓഗസ്റ്റ് അവസാന വാരത്തിലാണ് ഓണം വരുന്നത്. പുതിയ തീരുമാനത്തിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 60 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
2026 ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആര്‍ കുടിശികയാണ് ഓഗസ്റ്റില്‍ നല്‍കുന്നത്. പിന്നാലെ ജൂലൈ മുതലുള്ള അടുത്ത ഡിഎ ഗഡു, കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്തയ്‌ക്കൊപ്പം പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും ലഭിക്കും. അതേസമയം, ക്ഷാമബത്തയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കണോ എന്ന കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തികനില പരിശോധിച്ച ശേഷം ധനവകുപ്പ് തീരുമാനമെടുക്കും. അതിനാല്‍, മുന്‍കാല പ്രാബല്യമുണ്ടാകുമോ എന്ന കാര്യം പിന്നീടു മാത്രമേ വ്യക്തമാകൂ. ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും സമയത്തു കൊടുത്തുതീര്‍ക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര മാതൃകയില്‍ സംസ്ഥാനവും
കേന്ദ്ര ധനമന്ത്രാലയം ഈ വര്‍ഷം ഏപ്രിലില്‍ ഡി.എയും ഡിഫറന്‍ഷ്യല്‍ റിലീഫും (ഡി.ആര്‍) രണ്ട് ശതമാനം വര്‍ധിപ്പിച്ചിരുന്നു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യമുള്ള ഈ വര്‍ധനയോടെ കേന്ദ്ര ജീവനക്കാരുടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളത്തിലും ഡി.എ വര്‍ധനയ്ക്കുള്ള സാധ്യത തെളിയുന്നത്.
വിലക്കയറ്റം മൂലം ജീവനക്കാരുടെ ജീവിതച്ചെലവ് വര്‍ധിക്കുമ്പോള്‍, അത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടിസ്ഥാന ശമ്പളത്തോടൊപ്പം നല്‍കുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കില്‍ ഡി എ. പെന്‍ഷന്‍കാര്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന തുകയെ ക്ഷാമാശ്വാസം അല്ലെങ്കില്‍ ഡിആര്‍ എന്ന് പറയുന്നു
ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (AICPI) അടിസ്ഥാനമാക്കിയാണ് സാധാരണയായി ഡി.എ പുതുക്കുന്നത്. വര്‍ഷത്തില്‍ ജനുവരി, ജൂലൈ മാസങ്ങളിലായി രണ്ട് തവണയാണ് ഡി.എ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുള്ളത്.
ബാങ്കിംഗ്, റെയില്‍വേ മേഖലകളിലും മാറ്റം
നേരത്തെ മെയ് മാസത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (IBA) ബാങ്ക് ജീവനക്കാരുടെ ഡി.എ പരിഷ്‌കരിച്ചിരുന്നു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്കായി അടിസ്ഥാന ശമ്പളത്തിന്റെ തോതനുസരിച്ച് 435 രൂപ മുതല്‍ 1,050 രൂപ വരെയുള്ള വര്‍ധനയാണ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭ്യമാക്കിയത്. ഇതിന് പുറമെ ഇന്ത്യന്‍ റെയില്‍വേയും ലക്ഷക്കണക്കിന് വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി രണ്ട് ശതമാനം ഡി.എ വര്‍ധന പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഓണക്കാലത്ത് ലഭിക്കുന്ന ഈ രണ്ട് ശതമാനം ഡി.എ വര്‍ധന വിപണിയിലും ഉണര്‍വേകുമെന്നാണ് വിലയിരുത്തുന്നത്.
Tags:
latest