Trending

ടാക്‌സും പെർമിറ്റുമെല്ലാം ഓൺലൈനിൽ; കേരളത്തിൽ മാത്രം ഇപ്പോഴുമുണ്ട് 19 MVD ചെക്ക്‌പോസ്റ്റുകൾ



മറ്റ് സംസ്ഥാനങ്ങളിലൊക്കെ നിർത്തലാക്കിയിട്ടും ചടങ്ങെന്നപോലെ പ്രവർത്തിച്ച് കേരളത്തിൽ മോട്ടോർവാഹന വകുപ്പിന്റെ 19 ചെക്‌പോസ്റ്റുകൾ. ഇവ നിർത്തലാക്കാൻ മോട്ടോർവാഹന വകുപ്പിന്റെ പ്രവൃത്തിപഠന റിപ്പോർട്ടിലും ശുപാർശയുണ്ട്. സേവനങ്ങൾക്കും വാഹനനികുതി അടയ്ക്കാനും സോഫ്റ്റ്വേർ സംവിധാനം വന്നതോടെയാണ് കേന്ദ്ര നിർദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളെല്ലാം മോട്ടോർവാഹന ചെക്‌പോസ്റ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചത്

2025 മുതൽ പ്രവർത്തനം കുറച്ചെങ്കിലും രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ ഒരു ഷിഫ്റ്റ് മാത്രമായി ചെക്‌പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകം തസ്തികകളില്ലാത്തതിനാൽ മേഖലാ ഓഫീസ് പരിധിയിലെ ആർ.ടി., സബ് ആർ.ടി ഓഫീസുകളിൽനിന്ന് എം.വി.ഐ., എ.എം.വി.ഐ., ഒ.എ. വിഭാഗം ജീവനക്കാർ 15 ദിവസത്തേക്കുവീതം റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഓൺലൈനായി എടുക്കുന്ന വാഹന പെർമിറ്റ് രേഖകൾ പരിശോധിക്കുകയും നികുതിയടയ്ക്കാത്തവർക്ക് അതിനുള്ള നിർദേശം നൽകുകയുമാണ് ചെക്‌പോസ്റ്റുകളിൽ ചെയ്യുന്നത്. ഒരിടത്തും വാഹനങ്ങൾ നിർത്തി പരിശോധന നടത്തുകയോ പെർമിറ്റിനത്തിലോ നികുതിയിനത്തിലോ ഫീസ് ഈടാക്കുകയോ ചെയ്യുന്നില്ല.

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് വൈകീട്ട് അഞ്ചിനുശേഷം രാവിലെ ഒൻപതുവരെ യഥേഷ്ടം കടന്നുപോകാൻ കഴിയുന്നുണ്ട്. രാത്രി അടഞ്ഞുകിടക്കുന്ന ചെക്‌പോസ്റ്റുകൾ പകൽ കുറച്ചുസമയം മാത്രം തുറന്നിരിക്കുന്നതിൽ യുക്തിയില്ലെന്ന് വകുപ്പിൽ നടന്ന പ്രവൃത്തിപഠന റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

നിയമലംഘനം നടത്തിയ വാഹനങ്ങൾ വരുന്നുണ്ടെന്ന് മുൻകൂട്ടി വിവരം ലഭിച്ചാൽതന്നെ അവയെ പിന്തുടർന്ന് പരിശോധിക്കുന്നതിനുള്ള വാഹനസൗകര്യവും ചെക്‌പോസ്റ്റുകളിലില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ കയറ്റിവരുന്ന വാഹനങ്ങളുടെ ഭാരപരിശോധന നടത്തുന്നതിനുള്ള ഉപകരണങ്ങളും എവിടെയുമില്ല. ചെക്‌പോസ്റ്റുകൾ നിർത്തലാക്കി അധികം വരുന്ന 76 എം.വി.ഐ./എ.എം.വി.ഐ.മാരുടെ സേവനം മറ്റ് ആർ.ടി./സബ് ആർ.ടി. ഓഫീസുകളിൽ ഉപയോഗിക്കാമെന്നാണ് പ്രവൃത്തിപഠന റിപ്പോർട്ടിലെ ശുപാർശ.

പ്രത്യേകയിടങ്ങൾ കേന്ദ്രീകരിച്ചുള്ള ചെക്‌പോസ്റ്റുകളെക്കാൾ കാര്യക്ഷമം 24 മണിക്കൂർ തുടർച്ചയായ എൻഫോഴ്സ്മെന്റ് പ്രവർത്തനം ഏർപ്പെടുത്തുകയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, എൻഫോഴ്സ്മെന്റ് വിഭാഗം എങ്ങനെ ശക്തമാക്കുമെന്ന പ്രായോഗികനിർദേശമില്ലാത്ത പ്രവൃത്തിപഠന റിപ്പോർട്ടിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കുതന്നെ അതൃപ്തിയുണ്ട്

Post a Comment

Previous Post Next Post