Trending

ഓഗസ്റ്റ് 15 മുതൽ പോലീസ് സ്റ്റേഷന്റെ ചുമതല എസ്ഐക്ക്

ഓഗസ്റ്റ് 15 മുതൽ കേരളപോലീസിന് പുതിയമുഖം;സ്‌റ്റേഷൻചുമതല എസ്‌ഐക്ക്; പെയിന്റടിക്കും, തൊണ്ടിമുതൽ നീക്കും

തിരുവനന്തപുരം: ഓഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും. പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർ ഏറ്റെടുക്കും. എന്നാൽ, 64 സ്‌റ്റേഷനുകളിൽ സിഐമാർ ചുമതലകളിൽ തുടരും.

പോലീസിനേക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിന്റെ ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി.

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 15-നകം എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പിച്ചും കിടക്കുന്ന തൊണ്ടി വാഹനങ്ങളും മറ്റ് സാമഗ്രികളും അടിയന്തരമായി നീക്കംചെയ്ത് വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കൂടാതെ, എല്ലാ പോലീസ് സ്റ്റേഷനുകളും ഒരേരീതിയിൽ പെയിന്റ് ചെയ്ത് നവീകരിക്കും. ദൂരത്തുനിന്ന് കാണുമ്പോൾതന്നെ പൊതുജനങ്ങൾക്ക് ഇതൊരു പോലീസ് സ്റ്റേഷനാണെന്ന് പെട്ടെന്ന് തിരിച്ചറിയാനും സൗഹൃദപരമായ ഒരു സ്വാഗതം അനുഭവപ്പെടാനും ഇത് സഹായിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. പല നല്ല മാറ്റങ്ങൾക്കും വരാനിരിക്കുന്ന സ്വാതന്ത്ര്യദിനം തുടക്കംകുറിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

6632 പേരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തുവെന്നും ചെന്നിത്തല അറിയിച്ചു. 6182 കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. എട്ടാംതീയതി വരെയുള്ള കണക്കുകളാണിതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post