* രണ്ട് കിലോമീറ്റർ നീളത്തിൽ റോഡരികിലെ കാട് വെട്ടി മാറ്റി
* കാട് വെട്ടിയത് കാട്ടാന കഴിഞ്ഞ ദിവസമിറങ്ങിയ മേഖലയിൽ
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ മുതൽ പഞ്ചവടി വരെ റോഡിലേക്ക് വളർന്ന കാട് നാട്ടുകാർ വെട്ടി മാറ്റുന്നു
കൂരാച്ചുണ്ട് : കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഇറങ്ങിയ കൂരാച്ചുണ്ട് പഞ്ചായത്തിലെ ആറാം വാർഡ് കക്കയത്ത് റോഡരികിലെ കാട് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ എംവൈസി കക്കയത്തിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയം - കരിയാത്തുംപാറ പാതയോരത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്ത് റോഡിലേക്ക് വളർന്നു കിടന്ന കാട് കാരണം വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാർക്ക് സൈഡിലേക്ക് മാറി നിൽക്കാൻ സ്ഥലമില്ലാത്ത സാഹചര്യമായിരുന്നു.ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ദിവസേന നൂറ് കണക്കിന് വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന റോഡിന് ആവശ്യമായ വീതിയില്ലാത്തതും, റോഡിലേക്ക് കാട് കയറിയതിനെ കുറിച്ചും 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. കാടുകൾ കൂടുതലും വളവിലായതിനാൽ യാത്രക്കാരുടെ കാഴ്ച മറക്കുന്ന നിലയിലുമായിരുന്നു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രഹാം ഉദ്ഘാടനം ചെയ്തു. എംവൈസി പ്രസിഡന്റ് സജി കുഴിവേലി അധ്യക്ഷത വഹിച്ചു. രാജി പള്ളത്തുകാട്ടിൽ, ജോൺസൺ കക്കയം തോമസ് പുളിക്കൽ, ചാക്കോ വല്ലയിൽ അരുൺ പാറക്കൽ എന്നിവർ സംസാരിച്ചു മുജീബ് കക്കയം, സുനിൽ പാറപ്പുറത്ത്, നിസാം കക്കയം, ബെന്നി കാവുങ്കൽ, ബെന്നി കാട്ടിക്കാന, ജോസ് കോയിക്ക കുന്നേൽ , കുര്യൻ ഐകുളമ്പിൽ, ജാനേഷ് കല്ലകുടി ആൻഡ്രൂസ് കട്ടിക്കാന എന്നിവർ നേതൃത്വം നൽകി.