Trending

കാട്ടുപന്നിശല്യം; ഷൂട്ടറെ കണ്ടെത്താൻ മൊബൈൽ ആപ്പ്



കാട്ടുപന്നിശല്യമുള്ള സ്ഥലങ്ങളിൽ ഷൂട്ടർമാരെ കണ്ടെത്താൻ വനംവകുപ്പിന്റെ മൊബൈൽ ആപ്പ്. ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ’സർപ്പ’ ആപ്പിന്റെ മാതൃകയിലാവും പുതിയ ആപ്പും. രജിസ്റ്റർ ചെയ്തിട്ടുള്ള ഷൂട്ടർമാർക്ക് കാട്ടുപന്നിശല്യമുണ്ടാകുന്ന ഉടൻ അലർട്ട് സന്ദേശം ലഭിക്കും.

തദ്ദേശ ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാസമിതി കോഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറും ആപ്പിലുണ്ടാവും. ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണസമിതി യോഗത്തിൽ ആപ്പിന്റെ സാധ്യതകളെക്കുറിച്ച് ചർച്ചചെയ്തു.

പഞ്ചായത്ത് തലത്തിൽ കൂടുതൽ ഷൂട്ടർമാരെ ഉൾപ്പെടുത്തിയുള്ള പാനൽ രൂപവത്കരിക്കും. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. വന്യമൃഗങ്ങൾ താവളമാക്കുന്ന പ്രവർത്തിക്കാത്ത എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങൾ കൊണ്ടുവരും.

സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളും വ്യവസായസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ഇത്തരം സ്ഥലങ്ങളും കൃത്യമായി രേഖപ്പെടുത്തും. മലയോരമേഖലകളിലെ തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനുള്ള കർശന നടപടി സ്വീകരിക്കും.

കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുതല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ രൂപവത്കരിച്ച് പരിശീലനം നൽകും. മേൽനോട്ടത്തിനായി പഞ്ചായത്തുതലത്തിൽ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാരെ നിയോഗിക്കും

Post a Comment

Previous Post Next Post