ആഘോഷമായ പ്രവേശനോത്സവത്തോടെ പുത്തൻ അധ്യയന വർഷത്തിന് തുടക്കമായി. കൂരാച്ചുണ്ട് പഞ്ചായത്തുതല ഉദ്ഘാടനം കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. സ്കൂൾ ഉൾപ്പെടുന്ന ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജെയ്സൺ കാരക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂളിലെ പൂർവവിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ അർജുൻ ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. മുപ്പതോളം വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും ഉണ്ടായിരുന്നു. സ്കൂൾ കവാടത്തിൽനിന്ന് ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചാനയിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, ആൻസമ്മ എൻ.ജെ, ഹെഡ്മാസ്റ്റർ ബിജു കെ.സി, പി.ടി.എ പ്രസിഡന്റ് ഷാജു നരിപ്പാറ, അധ്യാപിക നൈസിൽ തോമസ് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർമാരായ റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, ജലീൽ കുന്നുംപുറത്ത്, എൻ.കെ കുഞ്ഞമ്മദ് എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.