Trending

ഇനി അടിക്കാം ഇ85 ഇന്ധനം; പെട്രോളിനെക്കാൾ 20 രൂപ കുറവ്, പുറത്തിറക്കി ഇന്ത്യൻ‌ ഓയിൽ്

ന്യൂഡൽഹി ∙ പെട്രോളിനെക്കാൾ 20 രൂപ കുറവിൽ ഇ85 ഇന്ധനം അവതരിപ്പിച്ച് ഇന്ത്യൻ ഓയിൽ (ഐഒസി). 85% എഥനോളും 15% പെട്രോളും അടങ്ങിയ ഇ85 ഇന്ധനം ഡൽഹിയിലാണ് പുറത്തിറക്കിയത്. രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ കാറും ബൈക്കുകളും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഓയിലിന്റെ നിർണായക ചുവടുവയ്പ്. 

ആദ്യ ‘ഇ85’ ഇന്ധന വിതരണ കേന്ദ്രം പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി ഇന്നലെ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ പുസ റോഡിലെ ഔട്‌ലെറ്റിലാണ് രാജ്യത്തെ ആദ്യ ഇ85 കമേഴ്സ്യൽ പമ്പ് പ്രവർത്തനമാരംഭിച്ചത്. സാധാരണ പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെയും മറ്റ് മലിനീകരണ വസ്തുക്കളുടെയും പുറന്തള്ളൽ 61% വരെ കുറയ്ക്കാൻ ഇ85 ഇന്ധനത്തിന് സാധിക്കുമെന്ന് ഇന്ത്യൻ ഓയിൽ വ്യക്തമാക്കി. 

ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കായി പ്രത്യേകം തയാറാക്കിയതാണ് ഈ ഇന്ധനം. നിലവിൽ ഡൽഹി-എൻസിആർ മേഖലയിലാണ് ഇ85 ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ തലസ്ഥാന നഗരിയിലെ 7 റീട്ടെയ്ൽ ഇന്ധന ഔട്‌ലെറ്റുകൾ വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. ലീറ്ററിന് 82.12 രൂപയാണ് ഡൽഹിയിലെ വില. (ഇ20 പെട്രോളിന് 102.12 രൂപ).

ആദ്യഘട്ടത്തിൽ ഡൽഹി-എൻസിആർ, മുംബൈ- പുണെ- നാഗ്പൂർ കോറിഡോറുകളിലായി 100 ഇ85 സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഇതിന്റെ എണ്ണം 500 ആയും 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമായി 5,000 ഔട്‌ലെറ്റുകളായും ഉയർത്താനാണു ലക്ഷ്യം.

Post a Comment

Previous Post Next Post