കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ബാർ കോഴ വിവാദമുണ്ടായതും പിന്നാലെ ബാറുകൾ അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതും. 10 വർഷത്തിനുശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിൽ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഇഷ്ടംപോലെ ബാറുകൾ അനുവദിക്കുകയും ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാറിൽനിന്ന് വ്യത്യസ്തമായി എന്ത് നടപടികളാകും സ്വീകരിക്കുകയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ടൂറിസം വികസനത്തിന്റെ പേരിൽ എല്ലായിടങ്ങളിലും ബാറുകൾ അനുവദിക്കുകയും അവക്ക് പ്രത്യേക സമയക്രമീകരണങ്ങൾ അനുവദിക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാർ അവസാന കാലത്ത് എല്ലാ ബാറുകളുടെയും പ്രവർത്തനസമയം ഏകീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ഇപ്പോൾ ബാറുകൾ പ്രവർത്തിക്കുന്നത്. ഇത് പലയിടങ്ങൾ ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അതുപോലെ ഐ.ടി പാർക്കുകളിലും മദ്യശാലകൾ അനുവദിക്കാനും ബ്രൂവറികൾ, വീര്യം കുറഞ്ഞ മദ്യം എന്നിവക്കും കഴിഞ്ഞ സർക്കാർ ശ്രമം നടത്തിയിരുന്നു. ഇതിനെല്ലാമെതിരെ ശക്തമായി പ്രതിഷേധിച്ചവരാണ് യു.ഡി.എഫ് നേതാക്കൾ. ലഹരിക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടെ സർക്കാർ വ്യക്തമാക്കുന്നത്. ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘വിമുക്തി’ പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമാണ് സർക്കാർ തീരുമാനം.
എക്സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും.
Tags:
latest