ഇന്ത്യയിലെ റബർ മേഖലയ്ക്കു മികച്ച മുന്നേറ്റം; 2025–26ൽ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. വിലയിലും റെക്കോർഡ് വർധനയാണ് ഉണ്ടായതെന്ന് റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ അറിയിച്ചു. മുൻ വർഷത്തെ ഉൽപാദനം 8.75 ലക്ഷം ടൺ ആയിരുന്നു.
പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളിൽ ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്. 3.4% വളർച്ച ഉൽപാദനത്തിൽ രേഖപ്പെടുത്തിയപ്പോൾ 1.2% വളർച്ച ഉപയോഗത്തിലുമുണ്ടായി. 14.10 ലക്ഷം ടണ്ണിൽ (2024-25) നിന്ന് 14.27 ലക്ഷം ടണ്ണായി ഉപയോഗം ഉയർന്നു
അനുകൂലമായ കാലാവസ്ഥയും ടാപ്പിങ് ദിവസങ്ങൾ കൂട്ടിയതും ഉൽപാദനക്ഷമത കൂടിയതുമാണ് ഉൽപാദനത്തിൽ വർധനയുണ്ടാകാൻ കാരണം. മഴമറ ഇടൽ, മരുന്നുതളി എന്നിവയ്ക്കുള്ള റബർ ബോർഡ് ധനസഹായം, സ്വയം ടാപ്പിങ് പ്രോത്സാഹനം, ആർപിഐഎസ് പ്രകാരമുള്ള വില ഉറപ്പാക്കൽ എന്നിവയും ഉൽപാദനത്തിനു ഗുണം ചെയ്തതയാണ് വിലയിരുത്തൽ
ഈമാസം 14ന് ആർഎസ്എസ് 4 കിലോഗ്രാമിന് 262 രൂപ എന്ന റെക്കോർഡ് വിലയും രേഖപ്പെടുത്തി. ചെറുകിട-വൻകിട കർഷകർ, റബർ ഉൽപാദക സംഘങ്ങൾ, ഡീലർമാർ, പ്രോസസേഴ്സ്, വ്യവസായികൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ
Tags:
latest